പട്ടികവര്‍ഗ വകുപ്പ്: പൂര്‍ണ തൃപ്തിയില്ല; മുമ്പില്ലാത്തവിധം പദ്ധതികള്‍ നടപ്പാക്കി –മന്ത്രി ജയലക്ഷ്മി

പുതുശ്ശേരി: തൊണ്ടര്‍നാട് ഗ്രാമത്തിലെ പുതുശ്ശേരിയിലുള്ള ആലക്കല്‍ കോളനിയായിരുന്നു വേദി. സംസ്ഥാനത്തിന്‍െറ പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി തന്‍െറ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ പറഞ്ഞു. ‘തന്‍െറ വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും തൃപ്തയല്ല. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹമാണ് ആദിവാസികള്‍. അവരില്‍തന്നെ പണിയ, അടിയ, ചോലനായ്ക്ക വിഭാഗങ്ങളെ ഉന്നതിയിലേക്ക് എത്തിക്കാന്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ല. എല്ലാവര്‍ക്കും വികസനമുണ്ടായെങ്കിലേ മന്ത്രിയെന്നനിലയില്‍ പൂര്‍ണ തൃപ്തിയുണ്ടാകൂ. എങ്കിലും, അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ചെയ്യാവുന്നതിന്‍െറ പരമാവധി ആദിവാസികള്‍ക്കായി ചെയ്തിട്ടുണ്ട്. ഒരു പഞ്ചായത്തംഗമെന്ന പരിചയം മാത്രമേ മന്ത്രിക്കസേരയിലത്തെുമ്പോള്‍ ഉണ്ടായിരുന്നുള്ളൂ. കാര്യങ്ങള്‍ പഠിച്ച് പെട്ടെന്നുതന്നെ ഉയരാന്‍ കഴിഞ്ഞുവെന്നാണ് പ്രതീക്ഷ. ചരിത്രത്തിലില്ലാത്ത വിധം ആദിവാസികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ നടത്തിയിട്ടുണ്ട്’. സര്‍ക്കാറിന്‍െറ വികസനപ്രവൃത്തികള്‍ വിവരിക്കാനായി പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യേക വാര്‍ത്താസമ്മേളന പരിപാടിയായ ‘ഒപ്പം’ ചടങ്ങില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പരിപാടിയുടെ സംസ്ഥാനതല തുടക്കവും ആലക്കല്‍ കോളനിയിലായിരുന്നു. പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ മേഖലയില്‍ നിരവധി പുതിയ മാതൃകാപദ്ധതികള്‍ നടത്തി. പട്ടികവര്‍ഗക്കാരായ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി ജനനി ജന്മരക്ഷാ പദ്ധതി തുടങ്ങി. ഗര്‍ഭിണിയായി മൂന്നാംമാസം മുതല്‍ പ്രസവശേഷം കുട്ടിക്ക് ഒരു വയസ്സുവരെ പ്രതിമാസം 1000 രൂപ വീതം 18,000 രൂപവരെ നല്‍കുന്ന പദ്ധതിയാണിത്. ദുര്‍ഘടപ്രദേശങ്ങളിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ സ്കൂളിലത്തെിക്കാന്‍ പ്രത്യേക വാഹനസൗകര്യം നല്‍കുന്ന ഗോത്രസാരഥി പദ്ധതി നടപ്പാക്കാനായി. ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് സ്വയംതൊഴിലിനായി സൗജന്യ ഓട്ടോറിക്ഷകള്‍ നല്‍കി. പട്ടികവര്‍ഗക്കാരുടെ ലക്ഷംവരെയുള്ള വായ്പകള്‍ മുതലും പലിശയുമടക്കം എഴുതിത്തള്ളുന്ന കടാശ്വാസപദ്ധതി നേട്ടമായി. സ്നേഹവീട് സമ്പൂര്‍ണ ഭവനപദ്ധതി, വീടുനിര്‍മാണത്തിന് നല്‍കുന്ന ഹഡ്കോ സഹായം, വീടുനിര്‍മാണത്തിന് മൂന്നര ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതി എന്നിവയും നടപ്പാക്കി. 2012 മുതല്‍ 2016വരെ 148 കോടി രൂപ ചെലവഴിച്ച് പ്രാക്തന ഗോത്രവര്‍ഗ പാക്കേജ് നടപ്പാക്കുന്നു. ഭൂമി, വീട്, അടിസ്ഥാനസൗകര്യ വികസനം, ജീവനോപാധികള്‍ എന്നിവ ആദിവാസികള്‍ക്ക് നല്‍കുന്നതാണിത്. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സംസ്ഥാന കലാമേള വിജയകരമായി നടത്തുന്നു. ‘സര്‍ഗോത്സവം’ എന്നപേരിലുള്ള കലാമേളയിലെ വിജയികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കുന്നു. സമാനമായ കായികമേള ‘കളിക്കളം’ എന്നപേരിലും നടത്തുന്നു. ഭൂരഹിതര്‍ക്ക് അവരിഷ്ടപ്പെടുന്ന ഭൂമി വിലയ്ക്ക് വാങ്ങി നല്‍കുന്ന ആശിക്കും ഭൂമി പദ്ധതിയില്‍ 524 കുടുംബങ്ങള്‍ക്ക് 184 ഏക്കര്‍ ഭൂമി നല്‍കിക്കഴിഞ്ഞു. അരിവാള്‍രോഗികള്‍ക്ക് ഉള്ള 1000 രൂപ പെന്‍ഷന്‍ 2000 ആക്കി വര്‍ധിപ്പിച്ചു. ആദിവാസികള്‍ കൂടുതലുള്ള തൊണ്ടര്‍നാട് പഞ്ചായത്തില്‍ പ്രത്യേക പദ്ധതികള്‍ അനുവദിച്ചു. മുത്തങ്ങസമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭൂമി നല്‍കല്‍ തുടങ്ങി കുരങ്ങുപനി ബാധിച്ചവര്‍ക്ക് 20,000 രൂപ വീതവും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപയും നല്‍കുന്നു. മ്യൂസിയം, മൃഗശാല, യുവജനമേഖല എന്നിവയിലും നിരവധി പരിപാടികള്‍ നടത്തി. വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ശ്രീചിത്തിര സെന്‍റര്‍ എന്നിവക്കുള്ള നടപടികള്‍ ത്വരിതഗതിയിലാണെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.