മാനന്തവാടി-ബത്തേരി റൂട്ടിലെ സ്വകാര്യ ബസ് സമരം ഒത്തുതീര്‍ന്നു

മാനന്തവാടി: നടവയലില്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ മാനന്തവാടി-ബത്തേരി റൂട്ടിലെ സ്വകാര്യ ബസുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിവന്ന ബസ് സമരം ഒത്തുതീര്‍ന്നു. മാനന്തവാടി ഡിവൈ.എസ്.പി അസൈനാറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഒത്തുതീര്‍പ്പായത്. ഇതനുസരിച്ച് വ്യാഴാഴ്ച മുതല്‍ ബസുകള്‍ സര്‍വിസ് പുനരാരംഭിക്കും. കെ.എസ്.ആര്‍.ടി.സിയുടെയും പ്രൈവറ്റ് ബസുകളുടെയും സമയക്രമം ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ പരിശോധിച്ച് ഇതിന്‍െറ അടിസ്ഥാനത്തില്‍ 16ന് വീണ്ടും യോഗം ചേരും. ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ അനാവശ്യമായി ബസ് തടയുന്നത് ഒഴിവാക്കും. പരാതികളുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കണം. നടവയലില്‍ പൊലീസിനെ നിയോഗിക്കും. ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് ആരംഭിച്ചതിനെ തുടര്‍ന്ന് പ്രൈവറ്റ് ബസുകള്‍ ഇവ തകര്‍ക്കാന്‍ ശ്രമമാരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന് മുന്നിലും പിറകിലുമായി സ്വകാര്യ ബസ് ഓടാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ബസുകള്‍ തടഞ്ഞത്. ചര്‍ച്ചയില്‍ ജോയന്‍റ് ആര്‍.ടി.ഒ ഒ.ആര്‍. മനോഹരന്‍, ബത്തേരി എ.ടി.ഒ എം.ഒ. വര്‍ക്കി, എം.വി.ഐമാരായ റെജി വര്‍ഗീസ്, എ. അജികുമാര്‍, ബത്തേരി സി.ഐ പി. ബിജുരാജ്, കേണിച്ചിറ എസ്.ഐ എന്‍.എം. ജോസ്, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ടി.എ. റെജി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.