കരാറുകാരനെതിരെ കടുത്ത വിമര്‍ശം

സുല്‍ത്താന്‍ബത്തേരി: 2.92 കോടി രൂപ എസ്റ്റിമേറ്റില്‍ ബത്തേരി ടൗണിലാരംഭിച്ച ഫുട്പാത്ത് കം ഡ്രൈനേജ് പദ്ധതി പാതിവഴിയില്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ അവലോകന കമ്മിറ്റി യോഗത്തില്‍ കരാറുകാരനെതിരെ കടുത്ത വിമര്‍ശം. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൊടുവള്ളിയിലെ ദേശീയപാത ആസ്ഥാനം ഉപരോധിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ യോഗത്തില്‍ മുന്നറിയിപ്പു നല്‍കി. കരാറുകാരന്‍ ഫോണെടുക്കാന്‍പോലും തയാറാകുന്നില്ളെന്നും തങ്ങള്‍ നിസ്സഹായരാണെന്നും ഇയാളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്നും ദേശീയപാത അതോറിറ്റി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ യോഗത്തില്‍ പറഞ്ഞു. നഗരസഭാ അധ്യക്ഷന്‍ വിളിച്ചുചേര്‍ത്ത അവലോകന കമ്മിറ്റി യോഗത്തില്‍നിന്നും തുടര്‍ച്ചയായി രണ്ടാംപ്രാവശ്യവും കരാറുകാരന്‍ വിട്ടുനിന്നു. 2015 മേയിലാണ് സുല്‍ത്താന്‍ബത്തേരി ടൗണിലെ ഫുട്പാത്തിന്‍െറ നിര്‍മാണപ്രവൃത്തിയാരംഭിച്ചത്. ഒമ്പതുമാസത്തിനുള്ളില്‍ നിര്‍മാണംപൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. അഴുക്കുചാല്‍ ആഴംകൂട്ടി പാര്‍ശ്വഭിത്തികള്‍ നിര്‍മിച്ച് സിമന്‍റ് സ്ളാബിട്ട് ടൈല്‍സ് പതിച്ച് കൈവരികള്‍ സ്ഥാപിക്കാനായിരുന്ന കരാര്‍. കരാര്‍ കാലാവധി കഴിഞ്ഞിട്ടും സ്ളാബിടാന്‍പോലും കഴിഞ്ഞിട്ടില്ല. ടൗണില്‍ ദേശീയപാതയുടെ ഇരുവശത്തും ഭാഗികമായി പണിത ഫുട്പാത്തിനിടയില്‍ വലിയ ഗര്‍ത്തങ്ങളാണുള്ളത്. ജനപ്രതിനിധികളും വിദ്യാര്‍ഥികളുമടക്കം പലര്‍ക്കും ഈ കുഴികളില്‍വീണ് പരിക്കേറ്റിട്ടുണ്ട്. മൂന്നുകോടിയുടെ പദ്ധതിക്ക് മൂന്നും നാലും ആളുകളാണ് ജോലിക്കത്തെുന്നത്. കരാറുകാരനും ദേശീയപാത ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കുന്നില്ല. സംസ്ഥാന സര്‍ക്കാറിന്‍െറ ഫണ്ടില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനം യഥാവിധി നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നും നടപടിയില്ല. കാല്‍നടക്കാര്‍ക്ക് നടന്നുപോകാനും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനും കഴിയാത്ത ഗതികേടില്‍ സദാസമയവും ഗതാഗതക്കുരുക്കിലാണ് ബത്തേരി പട്ടണം. ഈ പശ്ചാത്തലത്തിലാണ് ബുധനാഴ്ച നഗരസഭാധ്യക്ഷന്‍ മുന്‍കൈയെടുത്ത് മോണിറ്ററിങ് കമ്മിറ്റി യോഗം വിളിച്ചത്. മുസ്ലിം ലീഗ് ഒഴികെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഒറ്റക്കെട്ടായി യോഗത്തില്‍ കരാറുകാരനെതിരെ വിമര്‍ശമുയര്‍ത്തി. മുസ്ലിം ലീഗ് പ്രതിനിധികള്‍ യോഗം ബഹിഷ്കരിച്ചത് വിവാദമായി. പദ്ധതി നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ സര്‍വകക്ഷി നേതാക്കളുടെ സാന്നിധ്യത്തില്‍ വൈകീട്ട് കലക്ടറെ കാണാന്‍ നിശ്ചയിച്ചെങ്കിലും എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എം.എല്‍.എ യോഗത്തിനത്തെിയിരുന്നില്ല. ശനിയാഴ്ച കരാറുകാരനെയടക്കം പങ്കെടുപ്പിച്ചുകൊണ്ട് യോഗം നടത്താമെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാമെന്നും എം.എല്‍.എ ഫോണില്‍ നല്‍കിയ ഉറപ്പിലാണ് പ്രക്ഷോഭപരിപാടികള്‍ മാറ്റിവെച്ചത്. നഗരസാഭാ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ അധ്യക്ഷത വഹിച്ചു. കെ. ശശാങ്കന്‍, ബാബു പഴുപത്തൂര്‍, ടി.എല്‍. സാബു, കെ.ജെ. ദേവസ്യ, ബേബി വര്‍ഗീസ്, എ. ഭാസ്കരന്‍, പി. പ്രഭാകരന്‍ നായര്‍, സി.ആര്‍. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.