സിക വൈറസ് ഭീഷണിയും; വൈറോളജി ലാബ് പ്രഖ്യാപനത്തിലൊതുങ്ങി

സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞവര്‍ഷം കുരങ്ങുപനി മരണങ്ങള്‍ ഭീതിപരത്തിയ വയനാട്ടില്‍ വൈറോളജി ലാബ് ആരംഭിക്കാനുള്ള തീരുമാനം പ്രഖ്യാപനത്തിലൊതുങ്ങി. വൈറോളജി ടെസ്റ്റ് നടത്തി രക്ത പരിശോധനാഫലം കിട്ടാന്‍ വൈകിയതാണ് പല മരണങ്ങള്‍ക്കും കാരണമായത്. മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍ രക്തം പരിശോധനക്കയച്ച് ഫലംകിട്ടാന്‍ ഒരാഴ്ചയിലധികമാണ് കാത്തിരിക്കേണ്ടിവന്നത്. കാലവര്‍ഷമത്തെിയതോടെ കഴിഞ്ഞവര്‍ഷം കുരങ്ങുപനി ശമിച്ചെങ്കിലും കൂടുതല്‍ ശക്തിയില്‍ വീണ്ടും രോഗം തിരിച്ചുവരുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബത്തേരി താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് വൈറോളജി ലാബ് അനുവദിക്കാന്‍ തീരുമാനമെടുത്തത്. ബത്തേരി ബ്ളോക് പഞ്ചായത്തിന്‍െറ പ്രോജക്ട് അംഗീകരിച്ച സര്‍ക്കാര്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 13 ലക്ഷം രൂപയുടെ ഫണ്ടും അനുവദിച്ചിരുന്നു. താലൂക്ക് ആശുപത്രിയുടെ ടൗണ്‍ ബ്ളോക്കില്‍ ബ്ളഡ് ബാങ്കിന് സമീപം ലബോറട്ടറി സൗകര്യപ്രദമായി പ്രവര്‍ത്തിക്കാനാവശ്യമായ ക്രമീകരണങ്ങളും നടത്തി. നിലവില്‍ വൈറോളജി പരിശോധന സൗകര്യമുള്ള മണിപ്പാല്‍ മെഡിക്കല്‍ കോളജിന്‍െറ മേല്‍നോട്ടത്തില്‍ ലാബ് പ്രവര്‍ത്തിപ്പിക്കാനായിരുന്നു തീരുമാനം. മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍നിന്നുള്ള വിദഗ്ധസംഘം ബത്തേരിയിലത്തെി സംവിധാനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷം വേനല്‍ കടുത്തതോടെയാണ് വയനാട്ടില്‍ കുരങ്ങുപനി വ്യാപകമായത്. രോഗികളും ആരോഗ്യപ്രവര്‍ത്തകരും മരണപ്പെട്ടതോടെ വിദഗ്ധചികിത്സയും പരിശോധനാ സൗകര്യങ്ങളും ആവശ്യപ്പെട്ട് ജില്ലയിലൊട്ടാകെ കടുത്ത പ്രതിഷേധമുയര്‍ന്നു. കോടികള്‍ മുടക്കിയ ബത്തേരി താലൂക്ക് ആശുപത്രിയില്‍ വൈറോളജി ലാബ് ആരംഭിക്കാനുള്ള പശ്ചാത്തലമൊരുങ്ങി. മണിപ്പാല്‍ മെഡിക്കല്‍ കോളജുമായി കരാറിലത്തെിയ പശ്ചാത്തലത്തില്‍ വൈറോളജി ലാബിന്‍െറ പ്രവര്‍ത്തനമാരംഭിക്കുന്നതില്‍ തടസ്സങ്ങളൊന്നുമില്ലാതിരുന്നിട്ടും അധികൃതര്‍ അലംഭാവം തുടരുകയാണ്. കുരങ്ങുപനി ബാധിച്ച് കഴിഞ്ഞ വര്‍ഷം 11 പേര്‍ മരിച്ച പുല്‍പള്ളിമേഖലയില്‍ നിന്നാണ് ഈ വര്‍ഷം ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത്. വൈറോളജി പരിശോധനാഫലം വൈകിയതാണ് ഇത്തവണയും രോഗനിര്‍ണയം വൈകാനിടയാക്കിയത്. േവനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആദിവാസികളിലാണ് കഴിഞ്ഞവര്‍ഷം രോഗം പടര്‍ന്നുപിടിച്ചത്. ഗോത്ര സമൂഹത്തില്‍ ബോധവത്കരണ പരിപാടികള്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഡെങ്കിപ്പനിയും ചികുന്‍ഗുനിയയും പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ ഭീഷണിയും വയനാട്ടിലുണ്ട്. ലോകത്തിനുതന്നെ പുതിയ ഭീഷണിയായ സിക വൈറസ് പരത്തുന്നതും ഇതേ ഈഡിസ് ഈജിപ്തി കൊതുകുകളാണെന്ന കണ്ടത്തെല്‍ വയനാടിനെയും അസ്വസ്ഥമാക്കുന്നുണ്ട്. വിവിധതരം പദ്ധതികള്‍ക്കിടയില്‍ ശരിയായ രോഗനിര്‍ണയത്തിനും ചികിത്സക്കും രക്തപരിശോധനാ സൗകര്യങ്ങള്‍ അനിവാര്യമായ സാഹചര്യത്തിലും ബത്തേരിയിലെ വൈറോളജി ലാബിന്‍െറ കാര്യത്തില്‍ അധികൃതര്‍ പുലര്‍ത്തുന്ന മൗനം കടുത്ത പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.