കല്‍പറ്റ: സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമില്‍ വയനാടിന്‍െറ അഭിമാനമായി എന്‍.ബി. മുഹമ്മദ് റാഫി. കല്‍പറ്റ എസ്.കെ.എം.ജെ സ്കൂളിന് സമീപം നെടുങ്കണ്ടി ബിച്ചോതി-ആയിഷ ദമ്പതികളുടെ ഇളയ മകനാണ്. കൊച്ചി സെന്‍ട്രല്‍ എക്സൈസിന്‍െറ മധ്യനിരയില്‍ നിറഞ്ഞുകളിക്കുന്ന മികവാണ് രാജ്യത്തെ ചാമ്പ്യന്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള ടൂര്‍ണമെന്‍റില്‍ ബൂട്ട് കെട്ടിയിറങ്ങാന്‍ റാഫിക്ക് അവസരമൊരുക്കിയത്. വയനാട്ടിലെ പ്രമുഖ ഫുട്ബാള്‍ പരിശീലകന്‍ ബൈജുവിന്‍െറ ശിക്ഷണത്തിലാണ് റാഫി കാല്‍പന്തുകളിയിലുള്ള തന്‍െറ കഴിവുകള്‍ തേച്ചുമിനുക്കിയത്. എസ്.കെ.എം.ജെ സ്കൂളില്‍ ഏഴാം ക്ളാസില്‍ പഠിക്കുന്ന വേളയിലാണ് ബൈജുവിന്‍െറ പരിശീലനത്തില്‍ കളി കാര്യമായെടുക്കുന്നത്. തുടര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലില്‍ പ്രവേശംലഭിച്ചു. എട്ട്, ഒമ്പത്, പത്ത് ക്ളാസുകളില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സ്കൂളിലായിരുന്നു പഠനം. പ്ളസ് ടുവിന് വീണ്ടും എസ്.കെ.എം.ജെയില്‍ തിരിച്ചത്തെി. ഫാറൂഖ് കോളജിലെ ഡിഗ്രി പഠനത്തിനിടെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമില്‍ ഇടംനേടി. കേരളത്തിന് വേണ്ടി ജൂനിയര്‍, സബ്ജൂനിയര്‍, അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. വിവ കേരള ജൂനിയര്‍ താരവുമായിരുന്നു. ഈവര്‍ഷം കേരളത്തിലെ മികച്ച യൂത്ത് ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിലാണ് സെന്‍ട്രല്‍ എക്സൈസില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലി ലഭിച്ചത്. സംസ്ഥാന സീനിയര്‍ ഫുട്ബാളില്‍ എറണാകുളത്തിന് വേണ്ടി റാഫി മികച്ച പ്രകടനം കാഴ്ചവെച്ചതും സന്തോഷ് ട്രോഫി ക്യാമ്പില്‍ പ്രവേശമൊരുക്കി. അര്‍ജന്‍റീന ഫുട്ബാള്‍ ടീമിന്‍െറ ആരാധകനായ ഈ 21കാരന്‍െറ മാതൃകാ താരം പക്ഷെ, പോര്‍ചുഗലിന്‍െറ മുന്നേറ്റതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. സന്തോഷ് ട്രോഫി ടീമില്‍ ഇടംലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് റാഫി ‘മാധ്യമ’ത്തോട് പ്രതികരിച്ചു. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്നാണ് സാക്ഷാത്കൃതമായത്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലെ ക്യാമ്പിലാണിപ്പോള്‍. ചെന്നൈയില്‍ നടക്കുന്ന സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായി നാളെ യാത്ര തിരിക്കുമെന്ന് റാഫി പറഞ്ഞു. ജൂനിയര്‍ തലത്തില്‍ കേരളത്തിന് കളിച്ച ജ്യേഷ്ഠന്‍ റാഷിദാണ് പ്രഫഷനല്‍ ഫുട്ബാളറാകാനുള്ള റാഫിയുടെ മോഹങ്ങള്‍ക്ക് വലിയൊരളവില്‍ പ്രചോദനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.