ആദിവാസി ബാലികയെ ബലാത്സംഗംചെയ്ത പ്രതിക്ക് 10 വര്‍ഷം തടവ്

കല്‍പറ്റ: കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പാല്‍വെളിച്ചം കളദൂര്‍ പണിയ കോളനിയിലെ ബാലന്‍െറ മകന്‍ വാസു (28) വിനെ കല്‍പറ്റ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണ സംരക്ഷണ നിയമപ്രാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്പെഷല്‍ കോടതി (അഡീഷനല്‍ സെഷന്‍സ് കോടതി നമ്പര്‍-1) ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ളെങ്കില്‍ മൂന്നുവര്‍ഷം കൂടി തടവനുഭവിക്കണം. പ്രതി പിഴയടച്ചാല്‍ തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും മുഴുവന്‍ പിഴത്തുകയും പ്രതിയുടെ സ്വത്തുക്കളില്‍നിന്ന് ഈടാക്കാനും കോടതി ഉത്തരവായി. പ്രതി ആദിവാസി വിഭാഗത്തില്‍പെട്ടതിനാലും പ്രതിയില്‍നിന്ന് പിഴ ഈടാക്കിക്കിട്ടാന്‍ സാധ്യതയില്ലാത്തതിനാലും കേരള സര്‍ക്കാറിനോട് ഒരുലക്ഷം രൂപ മൂന്ന് മാസത്തിനുള്ളില്‍ പീഡനത്തിനിടയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി. 2012ലെ ഓണത്തിന് പിറ്റേന്ന് ഉച്ചഭക്ഷണത്തിന് ശേഷം കുട്ടി വീടിനടുത്തുള്ള കാട്ടിലേക്ക് പോയപ്പോള്‍ സമീപത്തെ കോളനിയില്‍ താമസിക്കുന്ന പ്രതി തോര്‍ത്തുകൊണ്ട് പെണ്‍കുട്ടിയുടെ കണ്ണ് മൂടിക്കെട്ടി, തൊട്ടടുത്ത മുളങ്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അതിനുശേഷം പ്രതി പലതവണ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നു. പ്രതി ഭീഷണിപ്പെടുത്തിയിരുന്നത് കൊണ്ട് വിവരം പുറത്തുപറഞ്ഞിരുന്നില്ല. രണ്ടാനമ്മ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്. കേസില്‍ 10 സാക്ഷികളെ വിസ്തരിച്ചു. കേസിന്‍െറ ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന പി.എല്‍. ഷൈജുവും, കേസന്വേഷണം പൂര്‍ത്തിയാക്കി പ്രതിയുടെ പേരില്‍ കുറ്റപത്രം തയാറാക്കി സമര്‍പ്പിച്ചത് മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ്കുമാറാണ്. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ളിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.