പുല്‍പള്ളിയിലെ അമ്പെയ്ത്ത് പരിശീലന കേന്ദ്രം ആരോപണങ്ങളുമായി ഭരണപക്ഷവും പ്രതിപക്ഷവും

പുല്‍പള്ളി: പുല്‍പള്ളി പഞ്ചായത്തില്‍ അമ്പെയ്ത്ത് പരിശീലന കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് ഭരണപക്ഷവും പ്രതിപക്ഷവും ആരോപണപ്രത്യാരോപണങ്ങളുമായി രംഗത്ത്. കേന്ദ്രത്തിന്‍െറ കാര്യത്തില്‍ ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് അപലപനീയമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡന്‍റ് കെ. ജെ. പോള്‍, പഞ്ചായത്തംഗങ്ങളായ പി.എ. മുഹമ്മദ്, ടി.വി. അനില്‍ മോന്‍, ശോഭന പ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അതേസമയം, പഞ്ചായത്തിലെ വികസനപ്രവൃത്തികളെല്ലാം പുതിയ ഭരണപക്ഷം തകിടംമറിക്കുകയാണെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നു. 2005-2010 കാലഘട്ടത്തില്‍ എല്‍.ഡി.എഫ് നേതൃത്വത്തില്‍ പുല്‍പള്ളി പഞ്ചായത്തില്‍ അധികാരത്തിലുണ്ടായിരുന്ന ഭരണസമിതിയായിരുന്നു അന്താരാഷ്ട്ര നിലവാരത്തിലുള്ള അമ്പെയ്ത്ത് പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് താഴെയങ്ങാടിയില്‍ 80 ലക്ഷം രൂപ ചെലവില്‍ എട്ട് ഏക്കര്‍ സ്ഥലം വാങ്ങിയതെന്ന് ഭരണപക്ഷം പറയുന്നു. 2009 ല്‍ സംസ്ഥാന സ്പോര്‍ട്സ് യുവജനക്ഷേമ വകുപ്പിനെ ഏല്‍പിച്ചു. ഈ സ്ഥലത്ത് സായി നൂറുകോടി രൂപ ചെലവഴിച്ച് അമ്പെയ്ത്ത് പരിശീലന കേന്ദ്രവും സ്പോര്‍ട്സ് സമുച്ചയവും ആരംഭിക്കാമെന്ന് സമ്മതിച്ചിരുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നായിരുന്നു വ്യവസ്ഥ. 2010 ല്‍ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വരുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാവുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് ഈ സ്ഥലത്തിന്‍മേല്‍ അവകാശവാദമുന്നയിച്ചു. അമ്പെയ്ത്ത് പരിശീലന കേന്ദ്രത്തിന് നാലേക്കര്‍ സ്ഥലം മതിയെന്നും ബാക്കി നാലേക്കറില്‍ ഫയര്‍സ്റ്റേഷന്‍, ഓഫിസ് സമുച്ചയം തുടങ്ങിയവ ആരംഭിക്കണമെന്നും ഭരണസമിതി നേതൃത്വം പറഞ്ഞു. ഇതോടെ എല്ലാ പ്രവര്‍ത്തനങ്ങളും നിശ്ചലമായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നു. കഴിഞ്ഞ ഡിസംബര്‍ നാലിന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജെ. പോളിന്‍െറ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രി, കായിക മന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി, വകുപ്പ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സായി മുതല്‍മുടക്കണമെങ്കില്‍ കുറഞ്ഞത് എട്ട് ഏക്കര്‍ സ്ഥലം വേണമെന്നാണ് നിബന്ധന. സംസ്ഥാന സര്‍ക്കാറിന്‍െറ പിന്തുണയും ഇവിടെ ആര്‍ച്ചറി അക്കാദമി ആരംഭിക്കാന്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പഞ്ചായത്തംഗങ്ങളുടെ മുഴുവന്‍ നിലപാട് അറിയാനാണ് ഭരണസമിതി യോഗത്തില്‍ ഇക്കാര്യം വച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്‍റുകൂടിയായിരുന്ന അംഗത്തിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗം അലങ്കോലപ്പെടുത്തുകയും അമ്പെയ്ത്ത് പരിശീലന കേന്ദ്രത്തിന് നാലേക്കര്‍ സ്ഥലം മാത്രം മതി എന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. പുല്‍പള്ളിയുടെയും വയനാടിന്‍െറ തന്നെയും കായിക കുതിപ്പിന് ഊര്‍ജ്ജം നല്‍കുന്ന ഒരു നല്ല സംരംഭത്തിന് കോണ്‍ഗ്രസും യു.ഡി.എഫും എതിരുനില്‍ക്കാതെ നാടിന്‍െറ പുരോഗതിക്ക് സഹായകരമായ നിലപാട് സ്വീകരിക്കണമെന്നും പഞ്ചായത്ത് ഭരണനേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, അമ്പെയ്ത്ത് പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനായി പുല്‍പള്ളിയുടെ വികസന പദ്ധതികളെല്ലാം തകിടം മിറക്കുന്ന രീതിയിലാണ് പഞ്ചായത്ത് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അമ്പെയ്ത്ത് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് പഞ്ചായത്തിലെ സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് എട്ട് ഏക്കര്‍ സ്ഥലം വിലയ്ക്കുവാങ്ങി യുവജന വകുപ്പ് ഡയറക്ടര്‍ക്ക് 2010 ജനുവരിയിലാണ് കൈമാറിയത്. കേന്ദ്ര സര്‍ക്കാറിന്‍െറ സഹായത്തോടെ ആരംഭിക്കാന്‍ ഉദ്ദേശിച്ച കേന്ദ്രം സ്ഥലം കൈമാറി മൂന്നു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. അല്ലാത്തപക്ഷം ഈ സ്ഥലം പഞ്ചായത്തിന് തിരിച്ചുപിടിക്കാമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നിശ്ചിത കാലാവധിക്കുള്ളില്‍ ചെയ്തില്ല. ഇതത്തേുടര്‍ന്നാണ് 2014 ഫെബ്രുവരിയില്‍ യുവജന ക്ഷേമ ഡയറക്ടറേറ്റ് അധികാരികളും ഗ്രാമപഞ്ചായത്ത് അധികൃതരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ദേശീയ മത്സരം സംഘടിപ്പിക്കുന്നതിന് പര്യാപ്തമായ രീതിയിലുള്ള കളിക്കളമടക്കം നിര്‍മിക്കുന്നതിന് തയാറാക്കിയ മാസ്റ്റര്‍ പ്ളാനില്‍ 1.6 ഹെക്ടര്‍ സ്ഥലം ഇതിന് മതിയെന്ന് വ്യക്തമാക്കിയത്. ആര്‍ച്ചറിക്കാവശ്യമായ സ്ഥലം കഴിച്ച് ബാക്കിയുള്ള സ്ഥലത്ത് ഫയര്‍ റസ്ക്യുസ്റ്റേഷന്‍, കെ.എസ്. ആര്‍.ടി.സി ഗാരേജ്, ബസ്സ്റ്റാന്‍ഡ്, പഞ്ചായത്ത് ഓഫിസ് സമുച്ചയം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായിരുന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരുന്നത്. ആകെയുള്ള എട്ട് ഏക്കര്‍ ഭൂമിയും ആര്‍ച്ചറി ആവശ്യത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം പുല്‍പള്ളിയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളായ എം.ടി. കരുണാകരന്‍, സണ്ണി തോമസ്, പുഷ്ക്കല രാമചന്ദ്രന്‍, റീജ ജഗദേവന്‍, സജി റെജി, രാജി ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.