തെരുവുനായ് വന്ധ്യംകരണത്തിന് ജില്ലയില്‍ തുടക്കമായി

കല്‍പറ്റ: ജില്ല പഞ്ചായത്തിന്‍െറയും മൃഗസംരക്ഷണവകുപ്പിന്‍െറയും സംയുക്ത പദ്ധതിയായ തെരുവുനായ് വന്ധ്യംകരണത്തിന് ജില്ലയില്‍ തുടക്കമായി. സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണെങ്കിലും ജില്ലയില്‍ തെരുവുനായ് ശല്യം രൂക്ഷമാകുന്നതായി വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല പഞ്ചായത്ത് വകയിരുത്തിയ 10.5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകള്‍ വകയിരുത്തിയ 34 ലക്ഷം രൂപയുമാണ് പദ്ധതി നിര്‍വഹണത്തിനായി മാറ്റിവെച്ചിട്ടുള്ളത്. നായ്ക്കളെ പിടിക്കുന്നതിന് പരിശീലനം ലഭിച്ച മൂന്നുപേരും ഒരു സഹായിയുമാണ് തെരുവുനായ്ക്കളെ പിടിക്കാന്‍ രംഗത്തുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച രണ്ട് ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തുന്നത്. നായ്ക്കളെ പരിപാലിക്കാന്‍ അറ്റന്‍ഡന്‍റിനേയും കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. രാജ്മോഹനാണ് പദ്ധതിയുടെ ജില്ല തല നിര്‍വഹണ ഉദ്യോഗസ്ഥന്‍. നായ കുറുകെ ചാടുന്നതുകൊണ്ടുള്ള ഇരുചക്ര വാഹനാപകടങ്ങള്‍ ജില്ലയില്‍ വര്‍ധിച്ചുവരുകയാണ്. പാതയോരങ്ങളില്‍ തെരുവുനായ്ക്കള്‍ കൂട്ടമായി ചുറ്റിത്തിരിയുന്നത് കാല്‍നടയാത്രക്കാര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഭീഷണിയുമാണ്. ഈ സാഹചര്യത്തില്‍ വന്ധ്യംകരണത്തിലൂടെ തെരുവുനായ്ക്കളുടെ എണ്ണം പരമാവധി കുറച്ച് വംശവര്‍ധന പൂര്‍ണമായി നിയന്ത്രിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്തമായാണ് പദ്ധതിക്ക് തുക കണ്ടത്തെിയത്. നായ്ക്കളെ കൊല്ലുംതോറും അവ പെറ്റുപെരുകുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ വന്ധ്യംകരണമാണ് ഫലപ്രദമായ പരിഹാരം. അശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജനമാണ് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണം. എന്നാല്‍, വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പരിസര ശുചീകരണത്തിനും പ്രാധാന്യം നല്‍കിയാല്‍ ഇത് ഏറക്കുറെ നിയന്ത്രിക്കാം. രോഗം ബാധിക്കുന്ന വളര്‍ത്തുമൃഗങ്ങളെ നിരത്തിലുപേക്ഷിക്കുന്നതും വംശവര്‍ധനക്ക് കാരണമാകുന്നുണ്ട്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. മിനി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ. ദേവകി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അനില്‍കുമാര്‍, ജില്ല പഞ്ചായത്തംഗങ്ങളായ പി. ഇസ്മയില്‍, എന്‍.പി. കുഞ്ഞുമോള്‍, അഡ്വ. ഒ.ആര്‍. രഘു, ബിന്ദു മനോജ്, സി. ഓമന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.ആര്‍. ഗീത സ്വാഗതവും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രാജ്മോഹന്‍ കെ. നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.