പനമരം കാര്‍ഷികോല്‍പന്ന വിപണന കേന്ദ്രം കടലാസില്‍

പനമരം: കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിനായി പനമരത്ത് സ്ഥാപിച്ച കെട്ടിടത്തില്‍ നിന്നും കാര്‍ഷികോല്‍പന്നങ്ങള്‍ പുറത്ത്. ഇതോടെ കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാവേണ്ടിയിരുന്ന സംവിധാനമാണ് തകര്‍ച്ചയിലായത്. പനമരം പൊലീസ് സ്റ്റേഷന്‍ റോഡരികിലാണ് പത്തു വര്‍ഷം മുമ്പ് കെട്ടിടം പണിതത്. കൃഷി വകുപ്പിലെ ഉന്നതരാണിതിനായി മുന്നിട്ടിറങ്ങിയത്. കര്‍ഷകരില്‍നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ ശേഖരിച്ച് വിപണനം ചെയ്യുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. പനമരം പഞ്ചായത്തും കെട്ടിടത്തിനായി വിഹിതം മുടക്കി. നിര്‍മാണത്തിനു ശേഷം കെട്ടിടം വെറുതെ കിടക്കുന്നത് ഏറെ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്നാണ് പനമരം ബ്ളോക്ക് പുതുതായി അനുവദിക്കപ്പെട്ടപ്പോള്‍ ബ്ളോക്കോഫിസ് ഇവിടേക്ക് മാറ്റിയത്. പിന്നീട് ബ്ളോക്കോഫിസ് വാടക കെട്ടിത്തിലേക്ക് മാറ്റിയപ്പോള്‍ ത്രിവേണി സ്റ്റോര്‍ വന്നു. കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫിസും ഇതിനടുത്തുണ്ട്. എന്നാല്‍, തുടക്കത്തില്‍ അധികൃതര്‍ പറഞ്ഞപോലെ കാര്‍ഷികോല്‍പന്നങ്ങളുടെ വിപണന സ്റ്റാളുകള്‍ മാത്രം ഉണ്ടായില്ല. നെല്ല് സംഭരണത്തിനായി മുറികള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ വര്‍ഷവും കര്‍ഷകര്‍ ഇവിടെ നിരവധി തവണ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മുന്‍ വര്‍ഷങ്ങളില്‍ ചില മുറികള്‍ നെല്ല് സംഭരണത്തിനായി ഉപയോഗിച്ചിരുന്നു. കര്‍ഷകരുടെ ഉന്നമനമാണ് കെട്ടിടം സ്ഥാപിക്കുന്ന ഘട്ടത്തില്‍ ലക്ഷ്യമാക്കിയതെങ്കില്‍ കര്‍ഷകര്‍ക്ക് പറയത്തക്ക ഒരു ഗുണവും ഇതുവരെ ഉണ്ടായിട്ടില്ല. നിര്‍മാണ ഘട്ടത്തില്‍ ഇവിടെ എത്തിയിരുന്ന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറിപ്പോകുകയും ചെയ്തു. പീടിക മുറികളുടെ മാതൃകയിലാണ് കെട്ടിടത്തിലെ മുറികളുള്ളത്. വിപണ സ്റ്റാളുകളാണ് ഇതുകൊണ്ട് ഉദേശിച്ചതെന്ന് ഇതിലൂടെ മനസ്സിലാകും. ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ മുറികളിലാണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക വിപണന കേന്ദ്രം യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തില്‍ സമരരംഗത്തിറങ്ങാന്‍ ചില കര്‍ഷക സംഘടനകള്‍ അണിയറയില്‍ ഒരുക്കം തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.