വിമുക്തി ജില്ലാതല ഉദ്ഘാടനം ജനുവരി 26ന്

കല്‍പറ്റ: മദ്യവര്‍ജനത്തിനും മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിമുക്തിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 26ന് നടക്കും. ജില്ലയുടെ ചുമതലയുള്ള ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന വിമുക്തി മിഷന്‍ ജില്ലാതല യോഗമാണ് തീരുമാനമെടുത്തത്. ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടത്തെി ഇല്ലായ്മ ചെയ്യുന്നതിനും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നു. സ്കൂള്‍, കോളജ് ലഹരി വിരുദ്ധ ക്ളബുകള്‍, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്സ്, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി-യുവജന-മഹിളാ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ വ്യാപക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ‘ലഹരി വിമുക്ത കേരളം’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് നടപടി സ്വീകരിക്കും. ജനമൈത്രി എക്സൈസ് ഓഫിസ് കല്‍പറ്റ, ബത്തേരി താലൂക്കുകളിലും സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ജനുവരി 10നകം നഗരസഭ, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിലുള്ള സമിതികളും വാര്‍ഡ് തലത്തിലുള്ള സമിതികളും രൂപവത്കരിക്കും. ഇതിനായി അയല്‍ക്കൂട്ട സഭയും വാര്‍ഡ് വികസനസമിതിയും സജീവമാക്കും. ജനുവരി 16ന് സ്ക്വാഡുകള്‍ രൂപവത്കരിച്ച് കണ്‍വീനര്‍മാരെ തെരഞ്ഞെടുക്കും. ജനുവരിയില്‍ ജില്ലയില്‍ വിമുക്തി മിഷന്‍ പൂര്‍ണ പ്രവര്‍ത്തനക്ഷമമാകും. ജനുവരി 30ന് വീടുകളില്‍ ലഹരി വിരുദ്ധ ഫ്ളാഗ് ഉയര്‍ത്തും. ഫെബ്രുവരിയില്‍ ലഹരി വിരുദ്ധ ബ്രോഷറുകളും റോഡ് സുരക്ഷാ ബ്രോഷറുകളും വിതരണം ചെയ്യും. ജില്ലയെ സമ്പൂര്‍ണ മദ്യ-ലഹരി വിമുക്ത ജില്ലയാക്കി മാറ്റുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പൂര്‍ണ പിന്തുണ ആവശ്യമാണെന്നും സമൂഹിക വിപത്തിനെതിരെ സ്വയം ബോധവാന്മാരാവുകയും മറ്റുള്ളവരെ ബോധവത്കരിക്കുന്ന പ്രക്രിയകളില്‍ പങ്കാളികളാവുകയും ചെയ്യണമെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ജില്ല തലത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും ജില്ല കലക്ടര്‍ കണ്‍വീനറും ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വൈസ് ചെയര്‍മാനുമായ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയും തുടര്‍ന്ന് ബ്ളോക്ക്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്‍റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായ സമിതിയും വാര്‍ഡ് തലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനും വാര്‍ഡ് മെംബര്‍ കണ്‍വീനറുമായ സമിതിയും രൂപവത്കരിക്കും. എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, കല്‍പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി, അസി. എക്സൈസ് കമീഷണര്‍ കെ. സജി, ലോ ഓഫിസര്‍ കോമളവല്ലി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.