‘നേരിനൊപ്പം നില്‍ക്കാന്‍ മാധ്യമങ്ങള്‍ ആര്‍ജവം കാട്ടണം’

കല്‍പറ്റ: രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ നേരിന്‍െറ പക്ഷത്തുനില്‍ക്കാന്‍ മാധ്യമങ്ങള്‍ ആര്‍ജവം കാട്ടണമെന്ന് മാധ്യമ സെമിനാര്‍. ജനുവരി 15ന് പടിഞ്ഞാറത്തറയില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനത്തോടനുബന്ധിച്ച് കല്‍പറ്റ ടൗണ്‍ഹാളില്‍ നടത്തിയ ‘മാധ്യമങ്ങളുടെ വര്‍ത്തമാനം‘ സെമിനാറിലാണ് ഈ ആവശ്യമുയര്‍ന്നത്. ഭരണകൂടത്തിന്‍െറ തുറിച്ചുനോട്ടങ്ങള്‍ക്കുമുന്നില്‍ ചൂളിപ്പോകുന്ന മാധ്യമങ്ങള്‍ ആര്‍ജവത്തോടെ ചോദ്യങ്ങളുന്നയിക്കാന്‍ ഭയക്കുകയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂര്‍ പറഞ്ഞു. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന, അധീശവര്‍ഗത്തിന്‍െറ അജണ്ടകള്‍ സംരക്ഷിക്കാനുള്ള ഉപാധിയായി മുഖ്യധാരാ മാധ്യമങ്ങള്‍ മാറുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. ഭരണകൂടങ്ങള്‍ക്കനുകൂലമായ അഭിപ്രായങ്ങള്‍ മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ എതിരായി ഒച്ചവെക്കാന്‍ ആരും ധൈര്യപ്പെടാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനതക്ക് അവരുടേതായ നിലപാടുകള്‍ രൂപപ്പെടുത്താനുള്ള അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച കേളുവേട്ടന്‍ പഠനകേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍ ആവശ്യപ്പെട്ടു. നാലാം തൂണ്‍ ഭരണകൂടത്തെ നിര്‍ണയിക്കുന്ന നവലിബറല്‍ താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറരുത്. സുപ്രഭാതം എഡിറ്റര്‍ എ. സജീവന്‍, ചന്ദ്രിക സീനിയര്‍ ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, മാധ്യമം വയനാട് ബ്യൂറോ ചീഫ് എന്‍.എസ്. നിസാര്‍, സാദിഖ് മമ്പാട് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ കെ. അബ്ദുല്‍ ജലീല്‍ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി എം.പി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.