മാനന്തവാടി: ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ മരിച്ചതിന് പിന്നാലെ വെള്ളമുണ്ടയില്‍ ഒരാള്‍ക്കുകൂടി രോഗലക്ഷണം. ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വാരാമ്പറ്റ സ്വദേശിനിയായ അഞ്ചു വയസ്സുകാരിയുടെ രക്തത്തിന്‍െറയും തൊണ്ടയിലെ സ്രവത്തിന്‍െറയും സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനകള്‍ക്കായി മണിപ്പാല്‍ ലാബിലേക്കയച്ചു. രോഗലക്ഷണത്തോടെ മരിച്ച ആരോഗ്യവകുപ്പ് ഫീല്‍ഡ് ജീവനക്കാരന്‍െറ പരിശോധനഫലം ഇതുവരെ ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ ഡിഫ്തീരിയ മൂലമാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചുകഴിഞ്ഞു. ഇതിന്‍െറ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് വെള്ളമുണ്ട ലൈബ്രറിയില്‍ പ്രതിരോധ കുത്തിവെപ്പും ബോധവത്കരണ ക്ളാസും നടത്തും. കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെ ക്യാമ്പില്‍ എത്തിച്ച് കുത്തിവെപ്പ് എടുക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. പനിയും തൊണ്ടവേദനയും ഉള്ളവര്‍ ഉടന്‍ ചികിത്സ തേടണം. സാധാരണയായി ചെറുപ്പത്തില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് പിന്നീട് ഈ രോഗം വരാറില്ല. 30 വര്‍ഷത്തിനുശേഷമാണ് ജില്ലയില്‍ ഈ രോഗലക്ഷണം കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 10 വര്‍ഷം മുമ്പ് ജില്ലയുടെ അതിര്‍ത്തിപ്രദേശത്തുള്ള ഒരാള്‍ രോഗലക്ഷണങ്ങളോടെ ചികിത്സക്കത്തെിയിരുന്നെങ്കിലും ഇയാളുടെ സാമ്പിളുകള്‍ ശേഖരിക്കാനാകാതിരുന്നതിനാല്‍ രോഗം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജില്ലയില്‍ ആവശ്യമായ പ്രതിരോധ വാക്സിനുകള്‍ ലഭ്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.