ക്വാറികളും ക്രഷറുകളും ഇന്നുമുതല്‍ അടച്ചിടും

കല്‍പറ്റ: ജില്ലയിലെ ക്വാറികളും ക്രഷറുകളും വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു. വന്‍കിട ഖനികള്‍ക്ക് ബാധകമായിരുന്ന പരിസ്ഥിതി ലൈസന്‍സ് ചെറുകിട ക്വാറികള്‍ക്ക് ബാധകമാക്കിയതിലും പാരിസ്ഥിതിക മന്ത്രാലയത്തിന്‍െറ അനുമതി വേണമെന്ന നിര്‍ദേശം ചെറുകിട ക്വാറികളുടെമേല്‍ അടിച്ചേല്‍പിച്ചതിലും പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്ന് ജില്ല കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മൈനര്‍ മിനറല്‍ കണ്‍സ്ട്രക്ഷന്‍ റൂളില്‍ ചെറുകിട ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും അനുകൂലമായ ഭേദഗതികള്‍ പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കണം. റൂളിലെ അപാകതയാണ് നിലവില്‍ ചെറുകിട ക്വാറികള്‍ക്ക് തിരിച്ചടിയായത്.വന്‍കിട ഖനികള്‍ക്ക് ബാധകമായിരുന്ന നിയമം ചെറുകിട ക്വാറികള്‍ക്ക് ബാധകമാക്കിയതിലൂടെ വന്‍പ്രതിസന്ധിയാണുള്ളത്. വന്‍കിട ഖനികള്‍ക്കുമാത്രം നിലനില്‍ക്കാന്‍ അവസരമൊരുക്കുകയാണ്. ജില്ലയില്‍ അമ്പലവയല്‍ മേഖലയില്‍ മാത്രം 33 കരിങ്കല്‍ ക്വാറികളുണ്ട്. മറ്റ് സ്ഥലങ്ങളില്‍ 58 പാറമടകളും പ്രവര്‍ത്തിക്കുന്നു. 34 ക്രഷറുകളും ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയും ക്വാറി-ക്രഷറുകളില്‍ പതിനായിരത്തിലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ചെറുകിട ക്വാറികള്‍ക്ക് മുന്‍ മാനദണ്ഡങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിച്ചതോടെ ഇത്രയും തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ ജോണ്‍സണ്‍, നാസര്‍ പയന്തോത്ത്, യൂസുഫ് അമ്പലവയല്‍, ദേവിപ്രസാദ് മുട്ടില്‍, കെ. കുഞ്ഞാമു, ടി.വി. പീറ്റര്‍, പി. ദേവസിക്കുട്ടി, എം.എസ്. സജിത്ത്ലാല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.