അധ്യയനവര്‍ഷം അവസാനത്തിലേക്ക്; അറുതിയില്ലാതെ കൊഴിഞ്ഞുപോക്ക്

പൊഴുതന: ജില്ലയിലെ സ്കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ആരംഭിച്ച് ദിവസങ്ങളായിട്ടും ആദിവാസി കുട്ടികളുടെ കൊഴിഞ്ഞു പോക്കിന് മാറ്റമില്ല. കൊഴിഞ്ഞുപോക്ക് തടയുന്നതിനും കുട്ടികളെ വിദ്യാലയങ്ങളിലത്തെിക്കുന്നതിനും ജില്ല പഞ്ചായത്തും പട്ടികവര്‍ഗ വികസനവകുപ്പും ഈ വര്‍ഷവും വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടും ഒന്നും ഫലപ്രദമായിട്ടില്ല. പരീക്ഷ ആരംഭിച്ച് ക്രിസ്മസ് അവധിക്ക് വിദ്യാലയങ്ങള്‍ അടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പലര്‍ക്കും പരീക്ഷയാരംഭിച്ചത് എന്നാണെന്നുപോലും അറിയില്ല. കുറഞ്ഞത് അഞ്ചാം ക്ളാസുവരെ അടിസ്ഥാന യോഗ്യത നേടി 14 വയസ്സിനുള്ളില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരാണ് ജില്ലയിലെ ബഹുഭൂരിപക്ഷം ആദിവാസി കുട്ടികളും. കുട്ടികളെ സ്ഥിരമായി സ്കൂളുകളിലയക്കാന്‍ രക്ഷിതാക്കള്‍ താല്‍പര്യം കാട്ടാത്തതും കുട്ടികള്‍ സ്കൂളുകളില്‍ എത്താത്തതിനെക്കുറിച്ച്്് അന്വേഷിക്കാന്‍ അധികൃതര്‍ തയാറാവാത്തതുമാണ് കൊഴിഞ്ഞുപോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടാന്‍ കാരണം. ഇത് മുന്‍വര്‍ഷത്തെപ്പോലെ പലരുടെയും പഠനം സ്കൂള്‍ രേഖകളില്‍ മാത്രമായി ഒതുങ്ങുന്നതിന് കാരണമാകുന്നുണ്ട്. കഴിഞ്ഞവര്‍ഷം എസ്.എസ്.എ നടത്തിയ പഠനത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളിലായി 29,700 വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതില്‍ 1331 ആദിവാസി കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതായി കണ്ടത്തെിയിരുന്നു. ലംപ്സം ഗ്രാന്‍ഡും സ്റ്റൈപന്‍ഡും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും ആദിവാസി വിദ്യാര്‍ഥികളുടെ വ്യാപക കൊഴിഞ്ഞുപോക്കിന് അറുതിയാവാത്തത് വിദ്യാഭ്യാസ വകുപ്പിന് തലവേദനയായിരിക്കുകയാണ്. 2012 മുതല്‍ തുടങ്ങിയ ഗോത്രസാരഥി, ഓള്‍ ടു സ്കൂള്‍ ബാക്ക് ടു സ്കൂള്‍, തുടങ്ങിയ പദ്ധതികള്‍ പല മേഖലകളിലും അവതാളത്തിലായിരിക്കുകയാണ്. ജില്ലയില്‍ പൊഴുതന, തരിയോട്്, കോട്ടത്തറ, പനമരം, കല്‍പറ്റ, മേപ്പാടി, തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നുള്ള പണിയവിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് കൂടുതലും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്. അഞ്ചുകുന്ന്, പഴഞ്ചേരിക്കുന്ന് കോളനി, അറുമുട്ടം കോളനി, വൈശ്യര്‍ കോളനി, ഇടിയംവയല്‍, പടവുരം, കോമരംകണ്ടി, ചെമ്പോത്തറ, ശാന്തിനഗര്‍, മാടക്കുന്ന് തുടങ്ങിയ കോളനികളിലാണ് കൊഴിഞ്ഞുപോക്ക്് കൂടുതല്‍. മിക്ക കോളനികളിലും അടിസ്ഥാനസൗകര്യങ്ങള്‍ ഇന്നും അന്യമാണ്. ആദിവാസി കുട്ടികള്‍ക്കിടയില്‍ പഠനം നിര്‍ത്തിയവരില്‍ ഭൂരിഭാഗവും 14 വയസ്സിനിടയില്‍ പ്രായമുള്ളവരും നാലാം ക്ളാസിനും ഏഴാം ക്ളാസിനും ഇടയിലുള്ളവരുമാണ്. ആണ്‍കുട്ടികളെ അപേക്ഷിച്ച്്് പെണ്‍കുട്ടികളാണ് പഠനം നിര്‍ത്തിയവരില്‍ മുന്നില്‍. സ്കൂളും കോളനിയും തമ്മിലുള്ള ദൂരപരിധി കൂടിയതിനാലുള്ള യാത്രാസൗകര്യ പ്രശ്നത്തെ തുടര്‍ന്ന് പഠനം നിര്‍ത്തിയവര്‍ ഏറെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.