പ്രതിസന്ധിക്ക് നടുവില്‍ ക്രിസ്മസ് വിപണി

കല്‍പറ്റ: നോട്ടുനിരോധനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നടുവില്‍ ക്രിസ്മസ്-പുതുവത്സര വിപണി. ക്രിസ്മസിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വിവിധ തരത്തിലും വര്‍ണങ്ങളിലുമുള്ള നക്ഷത്രങ്ങളും റെഡിമെയ്ഡ് പുല്‍ക്കൂടുകളും ട്രീകളുമടക്കം അലങ്കരിച്ച് കച്ചവട സ്ഥാപനങ്ങള്‍ വിപണിയെ സജീവമാക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ ഉണര്‍വുണ്ടായിട്ടില്ല. ഫാന്‍സി കടകള്‍ക്ക് പുറമെ ബേക്കറികളും ക്രിസ്മസിനായി ഒരുങ്ങിയിട്ടുണ്ട്. വിവിധ രുചികളിലുള്ള കേക്കുകള്‍ മിക്ക ബേക്കറികളും തയാറാക്കിയിട്ടുണ്ട്. 80 രൂപ വിലയുള്ള പ്ളംകേക്കുകളും 500 രൂപ വിലയുള്ള ബ്ളാക്ക് ഫോറസ്റ്റ്, റെഡ് വെല്‍വെറ്റ് തുടങ്ങിയവയും ഏറെ തയാറാക്കിയിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച കച്ചവടമില്ളെന്ന് കടക്കാര്‍ പറയുന്നു. ഇത്തവണ കടലാസ് നക്ഷത്രങ്ങളെ അപേക്ഷിച്ച് ചൈനീസ് നിര്‍മിത നക്ഷത്രങ്ങളാണ് വിപണിയില്‍ കൂടുതലും എത്തിയിരിക്കുന്നത്. പുലിമുരുകന്‍, ആന്‍ മേരി കലിപ്പിലാണ് തുടങ്ങിയ സിനിമാ പേരിലുള്ളവയാണ് ഏറെയും. 10 രൂപയില്‍ തുടങ്ങി 300 വരെയാണ് നക്ഷത്രങ്ങളുടെ വില. നോട്ട് പ്രതിസന്ധി കാരണം ചൈനയില്‍ നിന്നത്തെിയ എല്‍.ഇ.ഡി നക്ഷത്രങ്ങളുടെയും മറ്റു അലങ്കാരവസ്തുക്കളുടെയും വില ഇത്തവണ 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 70 രൂപ മുതല്‍ 250 രൂപ വരെയാണ് എല്‍.ഇ.ഡി നക്ഷത്രങ്ങളുടെ വില. വിവിധ വലുപ്പത്തിലുള്ള റെഡിമെയ്ഡ് ക്രിസ്മസ് ട്രീകളും വിപണിയില്‍ ധാരാളമായി എത്തിയിട്ടുണ്ട്. ഒരടിമുതല്‍ ആറടിവരെ ഉയരത്തിലുള്ള ക്രിസ്മസ് ട്രീകള്‍ക്ക് 100 മുതല്‍ 500 രൂപ വരെയാണ് വിലയുള്ളത്. മുന്‍കാലങ്ങളില്‍ ഗ്രീറ്റിങ് കാര്‍ഡുകളാല്‍ നിറഞ്ഞുനിന്നിരുന്ന കച്ചവടസ്ഥാപനങ്ങളില്‍ ഇന്ന് കാര്‍ഡുകള്‍ കണികാണാനില്ല. നോട്ട് പ്രതിസന്ധിക്കൊപ്പം കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയും ക്രിസ്മസ് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അടക്ക, ഇഞ്ചി തുടങ്ങി സീസണില്‍ വിളവെടുക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വില കുറഞ്ഞതും നോട്ടുനിരോധനത്തെ തുടര്‍ന്ന് മലഞ്ചരക്ക് വിപണി പ്രതിസന്ധിയിലായതുമൊക്കെ കുടിയേറ്റ കര്‍ഷകരടക്കമുള്ളവരുടെ ക്രിസ്മസ് ആഘോഷങ്ങളുടെ പൊലിമ കുറക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.