നിയമം കാറ്റില്‍ പറത്തി ഇഷ്ടിക നിര്‍മാണം വ്യാപകമാകുന്നു

കല്‍പറ്റ: കളിമണ്‍ സംഭരണ നിയന്ത്രണ നിയമം നോക്കുകുത്തിയാക്കി ജില്ലയില്‍ ഇഷ്ടിക നിര്‍മാണം വ്യാപകമാവുന്നതായി മലബാര്‍ വയര്‍കട്ട് ബ്രിക് മാനുഫാക്ചറിങ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ബത്തേരി-പുല്‍പള്ളി റോഡില്‍ മാത്തൂര്‍ വയലില്‍ റോഡിന്‍െറ ഇരുവശങ്ങളിലുമായാണ് പ്രധാനമായും ഇത്തരം ഇഷ്ടികക്കളങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പുഴത്തീരങ്ങളിലും നെല്‍പ്പാടങ്ങളിലുമാണ് എക്സ്കവേറ്റര്‍ അടക്കമുള്ള യന്ത്രങ്ങളുടെ സഹായത്തോടെ ഇഷ്ടിക യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതിക്ക് കനത്ത ആഘാതമേല്‍ക്കുന്നതിനെതിരെ നിയന്ത്രണം നിലനില്‍ക്കുന്ന അവസ്ഥയിലാണ് എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി കളങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പുഴത്തീരങ്ങളില്‍നിന്ന് 20 അടിയില്‍ കൂടുതല്‍ ആഴത്തിലാണ് മണ്ണെടുക്കുന്നതും ഇഷ്ടിക നിര്‍മിക്കുന്നതും. വയല്‍ക്കട്ട നിര്‍മാണത്തിന്‍െറ മറവിലാണ് മെഷിനറികള്‍ ഉപയോഗിച്ചുള്ള ഈ അനധികൃത നിര്‍മാണം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ചുരുങ്ങിയ വേതനത്തിന് തൊഴിലാളികളെ കുടുംബസമേതം ഇറക്കുമതി ചെയ്താണ് ഇവിടങ്ങളില്‍ ഇഷ്ടിക നിര്‍മാണം. 15 വയസ്സിന് താഴെയുള്ള കുട്ടികളും ധാരാളമായുണ്ട്. ബാലവേല നിയമവും ഇവിടെ ലംഘിക്കപ്പെടുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ക്കു പുറമെ സര്‍ക്കാറിന് റവന്യൂ ഇനത്തില്‍ കോടികളുടെ നഷ്ടവും ഇതുണ്ടാക്കുന്നു. ഒരൊറ്റ ചൂളയില്‍ത്തന്നെ രണ്ടു ലക്ഷത്തിലധികം ഇഷ്ടികകള്‍ ഉള്‍ക്കൊള്ളാവുന്ന അഞ്ചാറ് ചൂളകളുണ്ട് മിക്ക യൂനിറ്റുകളിലും. അനധികൃതമായി നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.