ഗോഡൗണില്ല; സര്‍ക്കാറിന്‍െറ നെല്ലുസംഭരണം അവതാളത്തില്‍

പനമരം: നെല്ല് സംഭരിക്കാന്‍ ഗോഡൗണില്ലാത്തതിനാല്‍ പനമരത്ത് സര്‍ക്കാറിന്‍െറ നെല്ലുസംഭരണം അവതാളത്തില്‍. നൂറുകണക്കിന് കര്‍ഷകര്‍ ഇതുസംബന്ധിച്ച് ആക്ഷേപമുന്നയിക്കുമ്പോള്‍ അധികാരികള്‍ നിസ്സംഗത തുടരുകയാണ്. പനമരം പൊലീസ് സ്റ്റേഷന്‍ റോഡരികില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് മുന്‍ വര്‍ഷങ്ങളില്‍ നെല്ലുസംഭരണം നടന്നിരുന്നത്. കൃഷിവകുപ്പുമായി ബന്ധപ്പെട്ട ഓഫിസുകള്‍ക്കായി റൂമുകള്‍ മാറ്റിയതോടെയാണ് നെല്ല് സംഭരിക്കാന്‍ റൂമില്ലാത്ത അവസ്ഥയുണ്ടായത്. പഞ്ചായത്ത് മുറിയൊരുക്കി കൊടുക്കണമെന്ന നിലപാടാണ് സപൈ്ളകോ അധികൃതര്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പഞ്ചായത്ത് ഇത്തരത്തില്‍ സൗകര്യം ചെയ്തിരുന്നു. ക്വിന്‍റലിന് 2250 രൂപക്കാണ് സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. എന്നാല്‍, പൊതുമാര്‍ക്കറ്റിലാകുമ്പോള്‍ 1700 രൂപയേ കിട്ടൂ. ക്വിന്‍റലിന് 500 രൂപയിലേറെ മാറ്റമുണ്ടാകുമെന്നതിനാല്‍ കര്‍ഷകര്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ ഡിപ്പോയില്‍ കൊടുക്കാനാണ് താല്‍പര്യം കാണിക്കുന്നത്. പനമരം പഞ്ചായത്തില്‍ 40ഓളം പാടശേഖര സമിതികളുണ്ട്. ഓരോ സമിതിയും കുറഞ്ഞത് 200 ക്വിന്‍റലിലേറെ നെല്ലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഡിപ്പോയില്‍ കൊടുത്തത്. ഇത്തവണയും നിരവധി കര്‍ഷകര്‍ സര്‍ക്കാര്‍ ഡിപ്പോകളില്‍ കൊടുക്കാന്‍ താല്‍പര്യം കാണിക്കുന്നുണ്ടെങ്കിലും അധികൃതര്‍ ഉണരുന്നില്ല. ഇക്കാര്യമുന്നയിച്ച് പനമരത്തെ പാടശേഖരസമിതി ഭാരവാഹികള്‍ പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങി മടുത്തിരിക്കയാണ്. പ്രതികൂല സാഹചര്യങ്ങളെ തരണംചെയ്താണ് പനമരത്ത് ഭൂരിപക്ഷം കര്‍ഷകരും കൃഷിയിറക്കിയത്. ഉല്‍പാദന ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്വിന്‍റലിന് 2000 രൂപക്കുമേലെ കിട്ടിയാലെ കാര്യമായ മെച്ചം കര്‍ഷകര്‍ക്കുണ്ടാകൂ. വെള്ളത്തിന്‍െറ അഭാവത്തില്‍ കരിഞ്ഞുണങ്ങിയ വയലില്‍ അവശേഷിക്കുന്ന നെല്ലാണ് ഭൂരിപക്ഷം കര്‍ഷകരും വില്‍ക്കാന്‍ തയാറാകുന്നത്. പനമരത്ത് ത്രിവേണി സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം നിര്‍മിച്ചതുതന്നെ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വാങ്ങി വില്‍ക്കുന്ന മാര്‍ക്കറ്റിന് വേണ്ടിയാണ്. ഇതിനായി നിര്‍മാണ ഘട്ടത്തില്‍ പഞ്ചായത്തും വിഹിതം മുടക്കിയിരുന്നു. എന്നാല്‍, ഇതുവരെ കര്‍ഷകര്‍ക്ക് ഈ കെട്ടിടംകൊണ്ട് കാര്യമായി ഗുണമുണ്ടായിട്ടില്ളെന്ന ആക്ഷേപവും പനമരത്തെ കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.