ഡി.സി.സിയെ നയിക്കാന്‍ ഐ.സി വരുന്നു

കല്‍പറ്റ: വയനാട് ജില്ലയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി യുവരക്തം. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിയമിതനാകുന്നതോടെ പാര്‍ട്ടിക്ക് പുത്തനുണര്‍വുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് നേതാക്കള്‍. ജില്ലയില്‍ കോണ്‍ഗ്രസിനെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ സമ്മതനായ നേതാവെന്നതാണ് നിലവില്‍ ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ എന്ന ചുമതല വഹിക്കുന്നതിനിടയിലും ഡി.സി.സി അധ്യക്ഷപദവിയില്‍ ഐ.സിക്ക് നറുക്കുവീഴാന്‍ കാരണമായത്. കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള ജില്ലയായിട്ടും ഗ്രൂപ്പുകളിയും കുതികാല്‍വെട്ടും ശക്തമായതോടെ പാര്‍ട്ടിക്ക് ക്ഷീണം നേരിടുന്ന വയനാട്ടില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേതൃത്വം ഐ.സിയെ നായകസ്ഥാനമേല്‍പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഉറച്ച മണ്ഡലങ്ങളിലെ പരാജയവും കാലുവാരല്‍ കാരണം ഡി.സി.സി ജനറല്‍ സെക്രട്ടറി പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച സംഭവവുമൊക്കെ ചുരത്തിനു മുകളില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനും പ്രതിച്ഛായയുമൊക്കെ ഏറെ തിരിച്ചടിയേല്‍പിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയെ മറികടന്ന് ജില്ലയില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കുക എന്നതാവും ഡി.സി.സി പ്രസിഡന്‍റ് പദത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. 60 വയസ്സല്‍ താഴെയുള്ളവരെ മാത്രം ഡി.സി.സി അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചാല്‍ മതിയെന്ന് ദേശീയനേതൃത്വം പാര്‍ട്ടി സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പ്രസിഡന്‍റ് പദവിയില്‍ നോട്ടമിട്ട പല മുതിര്‍ന്ന നേതാക്കളും ഈ തീരുമാനത്തോടെ അവകാശവാദമുന്നയിച്ച് രംഗത്തു വരാതായി. സമീപകാലത്ത് കാര്യമായ പ്രവര്‍ത്തന മികവ് അവകാശപ്പെടാനില്ലാത്ത ചിലര്‍ ഇത്തരമൊരു സാഹചര്യത്തില്‍ ശക്തമായ ഉപജാപ പ്രവര്‍ത്തനങ്ങളുമായി രംഗത്തത്തെിയിരുന്നു. ആദിവാസി വിഭാഗക്കാര്‍ക്ക് അനര്‍ഹമായ പ്രാമുഖ്യം നല്‍കുന്നുവെന്നും ഡി.സി.സി പ്രസിഡന്‍റിനെയും അവരില്‍നിന്ന് നിശ്ചയിക്കുന്നത് ശരിയല്ളെന്നും ചൂണ്ടിക്കാട്ടി ഈ വിഭാഗം വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഗ്രൂപ് ഭേദമന്യേ ഏറെ സമ്മതനായ ഐ.സിയത്തെന്നെ അധ്യക്ഷനാക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് പുതുതായി ഡി.സി.സി പ്രസിഡന്‍റുമാരായി നിയമിതരായവരില്‍ ഏക എം.എല്‍.എയും ഐ.സിയാണ്. ഐ.സിയുടെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം കെ.എസ്.യുവിലൂടെയായിരുന്നു. വാളാട് ഗവ. ഹൈസ്കൂളിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശഷം 1994-95ല്‍ രാഷ്ട്രീയത്തില്‍ സജീവമായി. ജില്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരിക്കെ സമരമുഖങ്ങളിലെ സ്ഥിരം സാന്നിധ്യമായി ശ്രദ്ധേയനായിരുന്നു. 2002 മുതല്‍ 2004 വരെ യൂത്ത്കോണ്‍ഗ്രസ് തവിഞ്ഞാല്‍ മണ്ഡലം പ്രസിഡന്‍റായി. തുടര്‍ന്ന് മൂന്നു വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയായിരുന്നു. 2001ല്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കാരച്ചാല്‍ വാര്‍ഡില്‍ നിന്നും മത്സരിച്ചു ജയിച്ചശേഷം ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ തവിഞ്ഞാല്‍ ഡിവിഷനില്‍ മത്സരിച്ചുജയിച്ച് ജില്ല പഞ്ചായത്ത് അംഗമായി. അടുത്ത വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റായി ചുമതലയേറ്റു. ടെലിഫോണ്‍ അഡൈ്വസറി അംഗം, ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നിലവില്‍ ആദിവാസി കോണ്‍ഗ്രസിന്‍െറ സംസ്ഥാന പ്രസിഡന്‍റാണ് ഐ.സി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥി ഇ.എ. ശങ്കരനെ 7583 വോട്ടിന് തോല്‍പിച്ചാണ് ആദ്യമായി നിയമസഭയിലത്തെിയത്. യു.ഡി.എഫിന് ഏറെ വേരോട്ടമുള്ള ജില്ലയിലെ മറ്റു രണ്ടു മണ്ഡലങ്ങളിലും ഇടതു സ്ഥാനാര്‍ഥികള്‍ അട്ടിമറി വിജയം നേടിയപ്പോള്‍ ബത്തേരിയില്‍ എല്‍.ഡി.എഫിലെ രുക്മിണി സുബ്രഹ്മണ്യനെ 11,198 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം തവണ നിയമസഭയിലത്തെിയ ഐ.സിയുടെ വിജയത്തിന് തിളക്കമേറെയായിരുന്നു. ഇക്കുറി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയായും മത്സരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.