മാവോവാദി ഭീഷണി: മേപ്പാടി പൊലീസ് സ്റ്റേഷന് അതിസുരക്ഷ സംവിധാനങ്ങളൊരുങ്ങുന്നു

മേപ്പാടി: മാവോവാദി ഭീഷണി നിലനില്‍ക്കുന്നുവെന്ന കാരണത്താല്‍ അതിസുരക്ഷ സംവിധാനങ്ങളുടെ വലയത്തിലാവുകയാണ് മേപ്പാടി പൊലീസ് സ്റ്റേഷന്‍. ചുറ്റുമതില്‍, നാലുമൂലകളിലും സെന്‍ട്രി പോസ്റ്റുകള്‍, ഒരു നിരീക്ഷണ ടവര്‍, മതിലില്‍ സുരക്ഷ കമ്പിവേലി, വൈദ്യുതി ഫെന്‍സിങ്, ഗേറ്റ് തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ 12 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കോമ്പൗണ്ടിനുള്ളില്‍ തന്നെ പുതിയൊരു ഇരുനില കെട്ടിടത്തിന്‍െറ പണി മുമ്പുതന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചുറ്റുമതില്‍, സെന്‍ട്രി പോസ്റ്റുകള്‍, നിരീക്ഷണ ടവര്‍ എന്നിവയുടെ പ്രവൃത്തികള്‍ നടന്നുവരുകയാണ്. രാജ്യാതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള തരത്തിലുള്ള മുള്ളുവേലികളാണ് ചുറ്റുമതിലിനുമേല്‍ ഒരുക്കുന്നത്. അതോടൊപ്പം തന്നെ വൈദ്യുതി ഫെന്‍സിങ്ങും നടത്തും. അതിനുള്ള സാങ്കേതിക വിദഗ്ധരുടെ സേവനം ലഭിക്കേണ്ടതുണ്ട്. എല്ലാം കൂടിയാകുമ്പോള്‍ കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ടതായും വന്നേക്കാം. മാവോവാദി സാന്നിധ്യം ഇതിനകം സ്ഥിരീകരിച്ചിട്ടുള്ള നിലമ്പൂര്‍ വനമേഖല, പശ്ചിമഘട്ടം എന്നിവയോട് അടുത്ത് സ്ഥിതിചെയ്യുന്നതിനാലാണ് മേപ്പാടി സ്റ്റേഷന്‍ ഭീഷണിയുള്ളവയുടെ ലിസ്റ്റില്‍പെട്ടത്. പുല്‍പള്ളി, വെള്ളമുണ്ട, തലപ്പുഴ, തിരുനെല്ലി എന്നിവയാണ് മാവോവാദി ഭീഷണിയുണ്ടെന്ന് കണക്കാക്കിയിട്ടുള്ള ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകള്‍. മേപ്പാടിക്കു പുറമെ പുല്‍പള്ളി, വെള്ളമുണ്ട സ്റ്റേഷനുകള്‍ക്ക് ഇത്തരത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിവരുന്നുണ്ട്. മറ്റു രണ്ട് സ്റ്റേഷനുകള്‍ക്കുകൂടി സമാന രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. നിലമ്പൂര്‍ കാടിനുള്ളില്‍ വെച്ച് ഏതാനും ദിവസം മുമ്പ് രണ്ട് മാവോവാദി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുക കൂടിയായപ്പോള്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ കൂടുതല്‍ വേഗത്തിലാകാനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.