നാലുകെട്ടുള്ള അക്ഷരമുറ്റം ഇനി ഹൈടെക് നിലവാരത്തിലേക്ക്

മാനന്തവാടി: നാലുകെട്ടിന്‍െറ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന അക്ഷരമുറ്റം ഇനി ഹൈടെക് നിലവാരത്തിലേക്ക്. സംസ്ഥാന സര്‍ക്കാറിന്‍െറ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി മാനന്തവാടി നിയോജകമണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് മുഖം മിനുക്കുന്നത്. അന്താരാഷ്ട്ര പദവിയിലേക്ക് ഉയരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. അഞ്ചുകോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിട്ടുള്ളത്. ബാക്കി തുക സംഭാവനയായും മറ്റും ശേഖരിക്കും. ക്ളാസ് മുറികള്‍, ലാബ്, അടുക്കള എന്നിവ അത്യാധുനികരീതിയിലായിരിക്കും. കൂടാതെ, നവീനരീതിയിലുള്ള ഓഡിറ്റോറിയം പ്ളാസ്റ്റിക് വിമുക്ത വിദ്യാലയാന്തരീക്ഷം, ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള സംവിധാനം എന്നിവയും ഒരുക്കും. പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ വികസനസമിതി എന്നിവയുടെ പ്രവര്‍ത്തനവും സജീവമാക്കും. 1950ലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1991ല്‍ വി.എച്ച്.എസ്.ഇയും 2000ത്തില്‍ ഹയര്‍ സെക്കന്‍ഡറിയും ആരംഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 1200ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 615ഉം വി.എച്ച്.എസ്.ഇയില്‍ 115ഉം ഉള്‍പ്പെടെ 2000ത്തോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ഇതില്‍ 40 ശതമാനത്തോളം പേര്‍ ആദിവാസി വിഭാഗത്തില്‍നിന്നുള്ളവരാണ്. ശാരീരിക, മാനസിക വൈകല്യമുള്ള കുട്ടികളില്‍ ജില്ലയില്‍തന്നെ ഏറ്റവുമധികം പേര്‍ പഠനം നടത്തുന്നത് ഇവിടെയാണ്. ജില്ലയില്‍ 400 മീറ്റര്‍ ട്രാക്കുള്ള ഏക സ്കൂളെന്ന ബഹുമതിയും ഈ വിദ്യാലയത്തിനാണ്. അധ്യാപകരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ 90 പേര്‍ സേവനമനുഷ്ടിക്കുന്നു. കലാകായിക, ശാസ്ത്ര സാങ്കേതിക മേഖലകളിലും സ്കൂള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സ്കൂളിന്‍െറ മുഖമുദ്രയായ നാലുകെട്ടും നടുമുറ്റവും രൂപഘടനയില്‍ മാറ്റം വരുത്താതെയായിരിക്കും ആധുനികവത്കരിക്കുന്നത്. പദ്ധതിയുടെ മാസ്റ്റര്‍ പ്ളാന്‍ ഉടന്‍തന്നെ സമര്‍പ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ എം. അബ്ദുല്‍ അസീസ് പറഞ്ഞു. സ്കൂള്‍ ഹൈടെക്കായി മാറുന്നതോടെ മാനന്തവാടിയുടെ വിദ്യാഭ്യാസ മേഖലക്ക് പൊന്‍കിരീടമായി മാറും. നിരവധി പ്രതിഭകളെ വളര്‍ത്തിയെടുത്ത സ്കൂളിനുള്ള അംഗീകാരവുംകൂടിയാവും അതെന്ന് അധ്യാപകര്‍ പറയുന്നു. ആറു പതിറ്റാണ്ടിന്‍െറ കഥപറയുന്ന ഈ വിദ്യാലയ മുത്തശ്ശിയെ ഇനിയും അംഗീകാരങ്ങള്‍ തേടിവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.