ഗവ. കോളജില്‍ പുതിയ കോഴ്സുകള്‍; മാനന്തവാടിക്ക് ഉണര്‍വേകും

മാനന്തവാടി: ഗവ. കോളജില്‍ രണ്ട് പി.ജി കോഴ്സുകള്‍ അനുവദിച്ചത് നിരവധി പട്ടികവര്‍ഗ വിഭാഗങ്ങളും പിന്നാക്ക വര്‍ഗക്കാരും അധിവസിക്കുന്ന മാനന്തവാടി താലൂക്കിലെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഉണര്‍വേകും. എം.എ ഇംഗ്ളീഷ്, എം.എ ഡവലപ്മെന്‍റ് ഇക്കണോമിക്സ് എന്നീ കോഴ്സുകളാണ് അനുവദിച്ചിരിക്കുന്നത്. ഈ കോളജില്‍നിന്ന് ഇംഗ്ളീഷിലും ഇക്കണോമിക്സിലും ബിരുദപഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ ഇതര ജില്ലകളെയും സംസ്ഥാനങ്ങളെയുമാണ് ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത്. 1981ല്‍ തുടങ്ങിയ മാനന്തവാടി ഗവ. കോളജില്‍ നിലവില്‍ എം.കോമും നാല് ബിരുദ കോഴ്സുകളുമാണ് ഉള്ളത്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന പി.ജി കോഴ്സുകള്‍ കൂടാതെ ബിരുദ കോഴ്സുകളായ ഹിസ്റ്ററി, ഫിസിക്സ്, മലയാളം, മാത്തമാറ്റിക്സ് എന്നീ കോഴ്സുകള്‍ക്കും എം.എസ്സി ഇലക്ട്രോണിക്സ് കോഴ്സിനും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ കോഴ്സുകള്‍ കൂടി അനുവദിക്കപ്പെടുന്ന പക്ഷം ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനമെന്ന നിലക്ക് കോളജിന് ഏറെ മുതല്‍കൂട്ടാവും. ഒപ്പം ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ പ്രതീക്ഷിക്കാനുമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.