ഹരിത കേരളം പദ്ധതി: പ്രചാരണം ഇന്ന് തുടങ്ങും

കല്‍പറ്റ: ജില്ല പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹരിതകേരളം പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. പദ്ധതിയില്‍ വിദ്യാര്‍ഥികളും സംഘടനകളും അടക്കം സമൂഹത്തിലെ നാനാമേഖലയിലുള്ളവര്‍ പങ്കാളിയാവും. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഇതിനായി അണിചേരും. ഡിസംബര്‍ എട്ടിന് ജില്ലയുടെ ചുമതലയുള്ള ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഹരിതകേരളം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ എരനല്ലൂര്‍ ക്ഷേത്രത്തിലെ ഒന്നരയേക്കര്‍ വിസ്തൃതിയുള്ള കുളം നവീകരിച്ചുകൊണ്ട് നിര്‍വഹിക്കും. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെയും മൂന്ന് മുനിസിപ്പാലിറ്റികളിലെയും എല്ലാ വാര്‍ഡുകളിലും അന്ന് രാവിലെ ഒമ്പതിന് ഏറ്റെടുത്ത വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍, സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകള്‍, സകൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, എന്‍.സി.സി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും നെഹ്റു യുവകേന്ദ്ര, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ക്ളബുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെയാണ് വയനാട്ടിലും ഹരിത കേരളം പദ്ധതിക്ക് തുടക്കമാവുക. ജില്ല ആസ്ഥാനം മുതല്‍ പഞ്ചായത്ത് വാര്‍ഡ് തലം വരെയുള്ള പ്രചാരണ പരിപാടികളാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുക. നാടിന്‍െറ സമഗ്ര വികസനത്തിന് ജനപങ്കാളിത്തത്തോടുകൂടിയുള്ള പ്രവര്‍ത്തനം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രത്യേക ഫണ്ട് അനുവദിക്കാതെ മനുഷ്യവിഭവശേഷി ഉപയോഗിച്ച് നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികളാണ് ഹരിത കേരളം ഏറ്റെടുക്കുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും ഇതിനായി ഏറ്റവും അനുയോജ്യമായ പദ്ധതികളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് ഇതിനകം സ്ഥാപന മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മാലിന്യ നശീകരണത്തിനും ജനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കുട്ടികള്‍ മുന്നിട്ടിറങ്ങുക. ആശുപത്രി തുടങ്ങിയ കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നതില്‍നിന്ന് സ്കൂള്‍ വിദ്യാര്‍ഥികളെ ഒഴിച്ചുനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി നിര്‍ദേശം നല്‍കി. അപകടകരമായ സാഹചര്യമുള്ളയിടങ്ങളില്‍ ശ്രമദാന പ്രവൃത്തികളില്‍നിന്ന് കുട്ടികളെ ഒഴിവാക്കാം. ഗ്രാമപഞ്ചായത്ത് തലത്തില്‍ തടയണ നിര്‍മാണം പോലുള്ള നടത്തുമ്പോള്‍ പ്ളാസ്റ്റിക്കിന്‍െറ ഉപയോഗം പരമാവധി കുറക്കണം. മാലിന്യം വിതറുന്നതില്‍നിന്ന് വിനോദസഞ്ചാരികളെ പിന്തിരിപ്പിക്കാനുള്ള ബോധവത്കരണങ്ങളും ഇതോടനുബന്ധിച്ച് നടത്താം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.