പുല്‍പള്ളി: മൂഴിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി കര്‍ഷകരുടെ കൃഷികള്‍ നശിച്ചു. വിളവെടുക്കാറായ നെല്ലാണ് ഇത്തവണ കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചത്. കഠിനമായ വരള്‍ച്ചയെ അതിജീവിച്ച് കര്‍ഷകര്‍ കൃഷിചെയ്തുണ്ടാക്കിയ നെല്ലാണ് കൊയ്യാറായപ്പോള്‍ നശിപ്പിക്കപ്പെട്ടത്. പീത്തുരുത്തേല്‍ ജോസഫ്, കൊട്ടുകാപ്പള്ളി തോമസ്, വട്ടക്കാട്ട് ചാക്കോ, പുതുശ്ശേരി ജോസ്, ആലുങ്കല്‍ ടോമി, പുതിയിടം ലക്ഷ്മി എന്നിങ്ങനെ നിരവധി കര്‍ഷകരുടെ നെല്ലാണ് ഏതാണ്ട് പൂര്‍ണമായിത്തന്നെ കാട്ടാനകള്‍ നശിപ്പിച്ചത്. കുന്നത്തേടത്തില്‍ തങ്കച്ചന്‍െറ വയലില്‍ കൊയ്തിട്ടിരുന്ന നെല്ല് കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചു. കണ്ണമ്പള്ളി ബിജുവിന്‍െറ കൃഷിയിടത്തിലെ തെങ്ങും ആന നശിപ്പിച്ചു. ടോമി വാഴക്കാലായുടെ നിരവധി വാഴകളും ആന നശിപ്പിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ നെല്ല് കൃഷി ചെയ്തപ്പോള്‍ മുതല്‍ കാട്ടാനകളുടെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമായിരുന്നു. വയലില്‍ കാവല്‍മാടം കെട്ടി കാവലിരുന്നായിരുന്നു കര്‍ഷകര്‍ നെല്ല് സംരക്ഷിച്ചിരുന്നത്. പകല്‍ സമയങ്ങളില്‍ കുരങ്ങുകളും രാത്രിയില്‍ കാട്ടാനകളും കൃഷിയിടങ്ങള്‍ നിരന്തരം ആക്രമിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനയുടെ ശല്യം കുറവായിരുന്നതിനാല്‍ കാവലിരുന്നവര്‍ ഉറങ്ങിയ സമയത്തായിരുന്നു കാട്ടാനകള്‍ വയലിലെ നെല്‍കൃഷിയില്‍ കടന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു കാട്ടാന വെടിയേറ്റു ചെരിഞ്ഞതും ഇവിടെയടുത്താണ്. നെയ്ക്കുപ്പ വനത്തോട് ചേര്‍ന്നുകിടക്കുന്ന മൂഴിമല പ്രദേശത്തെ വന്യമൃഗശല്യത്തിന് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും വനംവകുപ്പിന്‍െറ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച പ്രതിരോധ കിടങ്ങുകള്‍ യഥാസമയത്ത് അറ്റകുറ്റപണികള്‍ നടത്താത്തതുമൂലം ഇടിഞ്ഞ് നികന്നതിനാല്‍ കാട്ടാനകള്‍ക്ക് കൃഷിയിടങ്ങളില്‍ നിര്‍ബാധം കടക്കുവാന്‍ സാധിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പ്രദേശത്തെ കൃഷിയിടങ്ങളില്‍ സ്ഥിരവാസമാക്കിയിരിക്കുന്ന നൂറോളം കുരങ്ങുകളും കൃഷികള്‍ക്ക് വലിയ നാശം ഉണ്ടാക്കുന്നു. മുമ്പ് വന്യമൃഗശല്യം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഇതുവരെ യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.