വീടൊരുക്കി ബത്തേരി ഫ്ളാക്സ് ക്ളബിന്‍െറ കാരുണ്യക്കൂട്ടായ്മ

സുല്‍ത്താന്‍ ബത്തേരി: പ്ളാസ്റ്റിക് ഷീറ്റുകൊണ്ടുള്ള കുടിലില്‍ താമസിച്ച നിര്‍ധന കുടുംബത്തിന് വീടൊരുക്കി ബത്തേരി ഫ്ളാക്സ് ക്ളബിന്‍െറ കാരുണ്യക്കൂട്ടായ്മ. ബത്തേരി നഗരസഭയിലെ കരുവള്ളിക്കുന്നില്‍ പട്ടയമില്ലാത്ത ഭൂമിയില്‍ കഴിഞ്ഞിരുന്ന വൃക്കരോഗിയായ ഗോപാലന്‍െറ കുടുംബത്തിനാണ് ക്ളബ് അംഗങ്ങളുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ച് നല്‍കിയത്. സ്ഥലത്തിന് പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കാതിരുന്ന കുടുംബത്തിനാണ് കൂട്ടായ്മയുടെ ബലം കരുത്തായത്. മാനസിക വൈകല്യം നേരിടുന്ന മകളും പ്ളസ് വണ്‍ വിദ്യാര്‍ഥിയായ മകനും ഉള്‍പ്പെടുന്ന കുടുംബത്തെ കൂലിപ്പണിയെടുത്തുപോലും പോറ്റാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഗോപാലന്‍. നാലേകാല്‍ ലക്ഷം രൂപ മുടക്കി 560 ച. അടി വിസ്തീര്‍ണത്തിലുള്ള വീടാണ് ക്ളബ് നിര്‍മിച്ച് നല്‍കിയത്. നഗരസഭ കൗണ്‍സിലര്‍ വത്സ ജോസിന്‍െറ ഇടപെടലുകളെ തുടര്‍ന്നാണ് വീടുനിര്‍മാണം ഫ്ളാക്സ് ക്ളബ് ഏറ്റെടുത്തത്. ഒന്നര ലക്ഷം രൂപയോളം വത്സ ജോസ് തന്നെ സംഘടിപ്പിച്ച് നല്‍കി. ബാക്കി തുക ക്ളബ് അംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നെടുത്തു. കല്‍പറ്റ ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഓഫിസിലെ ജീവനക്കാര്‍ ചേര്‍ന്ന് വൈദ്യുതീകരണം സൗജന്യമായി നിര്‍വഹിച്ചു. വീടിന്‍െറ താക്കോല്‍ദാനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജിഷ ഷാജി അധ്യക്ഷത വഹിച്ചു. വികസന സമിതി അധ്യക്ഷന്‍ ടി.എല്‍. സാബു, കൗണ്‍സിലര്‍മാരായ എന്‍.എം. വിജയന്‍, പി.പി. അയ്യൂബ്, വത്സ ജോസ്, എം.സി. ശരത്, ടോബിന്‍ വര്‍ഗീസ്, മുനിസിപ്പാലിറ്റി സെക്രട്ടറി സി.ആര്‍. മോഹന്‍, റിനു ജോണ്‍, ക്ളബ് പ്രസിഡന്‍റ് ടിജി ചെറുതോട്ടില്‍, സുരേഷ് ബാബു, ഷിനോജ് പാപ്പച്ചന്‍, അജയ് ഐസക്, ടോം ജോസ്, സെബാസ്റ്റ്യന്‍ ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.