പ്രകൃതി ചൂഷണത്തിന് ചൂട്ടുപിടിച്ച് ഭരണകൂടം

കല്‍പറ്റ: വയനാടിന്‍െറ മണ്ണും പ്രകൃതിയും അപകടകരമായ ചൂഷണങ്ങള്‍ക്ക് വിധേയമാവുമ്പോള്‍ ഒത്താശ ചെയ്ത് ജില്ല ഭരണകൂടം. അനധികൃത നിര്‍മാണവും കൈയേറ്റവും വ്യാപകമാവുമ്പോള്‍ എതിര്‍നീക്കങ്ങളൊന്നുമില്ളെന്നു മാത്രമല്ല, അതിന് ചൂട്ടുപിടിക്കുകയും ചെയ്യുകയാണ് അധികൃതര്‍. വൈത്തിരി പഞ്ചായത്തില്‍ അതീവ പാരിസ്ഥിതിക ദുര്‍ബല മേഖലകളില്‍ ആകാശം മുട്ടെ പണിയുന്ന ബഹുനില കെട്ടിടങ്ങളും ജില്ലയിലുടനീളം നിര്‍ബാധം പൊട്ടിച്ചുതള്ളാന്‍ തുറന്നുകൊടുക്കുന്ന പാറമടകളും അട്ടിമറിക്കപ്പെടുന്ന ഖനന നിയന്ത്രണങ്ങളുമെല്ലാം ഇതിന്‍െറ തെളിവായി മാറുകയാണ്. നോട്ട് നിരോധനത്തെ തുടര്‍ന്ന് കള്ളപ്പണത്തിന്‍െറ ഒഴുക്കു കുറയുമ്പോള്‍ ബഹുനില കെട്ടിട നിര്‍മാണങ്ങളടക്കം നിലക്കുമെന്ന് കരുതിയവരെയെല്ലാം അമ്പരിപ്പിച്ചാണ് വൈത്തിരിയിലും മേപ്പാടിയിലും തിരുനെല്ലിയിലുമടക്കം കുന്നിന്‍ പ്രദേശങ്ങളടക്കം ഇടിച്ചുനിരത്തി വമ്പന്‍ ഫ്ളാറ്റുകളടക്കം ഉയര്‍ന്നുപൊങ്ങുന്നത്. ചുരത്തിനോടു ചേര്‍ന്നുവരെ ബഹുനില കെട്ടിട നിര്‍മാണം നിര്‍ബാധം തുടരുകയാണ്. കേശവേന്ദ്രകുമാര്‍ ഐ.എ.എസ് ജില്ല കലക്ടറായിരുന്ന അവസരത്തില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിലെ ഒട്ടേറെ മന്ത്രിമാരുടെയടക്കം കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനെന്ന നിലക്ക് ബഹുനില കെട്ടിട നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി അദ്ദേഹം ഉത്തരവിറക്കിയത്. അനിയന്ത്രിതമായ കൈയേറ്റങ്ങളും പരിസ്ഥിതിക്ക് ദോഷകരമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് 2005ലെ 30 (2) (iii), 30 (2) (v) വകുപ്പുകള്‍ പ്രകാരമായിരുന്നു കഴിഞ്ഞവര്‍ഷം ജൂണ്‍ അവസാനത്തില്‍ ഉടനടി പ്രാബല്യത്തോടെയുള്ള ഉത്തരവ്. ഇതിനെതിരെ മന്ത്രിതലത്തില്‍ സ്വാധീനം ചെലുത്തിയും കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചും റിയല്‍ എസ്റ്റേറ്റ് മാഫിയ ശക്തമായി വീണ്ടും രംഗത്തുവന്നു. തുടര്‍ന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കോടതിയെ സമീപിച്ച് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍െറ ഉത്തരവ് പുനസ്ഥാപിച്ചിരുന്നു. ഈ ഉത്തരവ് പ്രാബല്യത്തില്‍ നില്‍ക്കവേയാണ് അനധികൃത നിര്‍മാണം വീണ്ടും കൊഴുക്കുന്നത്. കേശവേന്ദ്രകുമാര്‍ സ്ഥലം മാറിപ്പോയ ശേഷം ജില്ലയില്‍ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി നടക്കുന്ന കെട്ടിട നിര്‍മാണത്തിനെതിരെ നടപടികളൊന്നുമെടുക്കുന്നില്ളെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയക്കാരെ സ്വാധീനിച്ച് റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട്, ക്വാറി മാഫിയകള്‍ പൂര്‍വാധികം ശക്തി പ്രാപിച്ചിരിക്കുകയാണെന്നും ഇവര്‍ വിശദീകരിക്കുന്നു. സ്ഥലം മാറിപ്പോകുന്നതിന് തൊട്ടുമുമ്പ് കേശവേന്ദ്രകുമാര്‍ പരിസ്ഥിതി, ടൂറിസം പ്രാധാന്യമുള്ള ആറാട്ടുപാറ, ഫാന്‍റംറോക്ക്, കൊളഗപ്പാറ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഏതുവിധത്തിലുള്ള ഖനനവും നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഈ നിയന്ത്രണത്തില്‍ പുറംലോകമറിയാതെ വെള്ളംചേര്‍ക്കപ്പെട്ടത് ഈയിടെ പുറത്തായി. ഒരു കിലോമീറ്റര്‍ ചുറ്റളവ് എന്നത് 200 മീറ്ററാക്കി ചുരുക്കി നിര്‍ണയിച്ച് ജില്ല ഭരണകൂടം രഹസ്യമായെന്നോണമാണ് ഉത്തരവിറക്കിയത്. ഇപ്പോഴും ഈ മേഖലകളില്‍ ക്വാറികളും ക്രഷറുകളും നിര്‍ബാധം പ്രവര്‍ത്തനം തുടരുകയാണ്. പ്രതിമാസം 30 ടണ്ണോളം പ്ളാസ്റ്റിക് മാലിന്യം വയനാടന്‍ മണ്ണില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, സ്ഥലം മാറിപ്പോവുംമുമ്പ് മുന്‍ കലക്ടര്‍ വയനാട്ടില്‍ പ്ളാസ്റ്റിക് മാലിന്യ നിരോധനവും പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കാനിരുന്ന നിരോധനത്തിനെതിരെ വ്യാപാരികള്‍ കുറച്ചുദിവസത്തേക്ക് കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചെങ്കിലും അതിന്‍െറ കാലാവധി അവസാനിച്ചു. ഇപ്പോള്‍ സ്റ്റേ നിലവിലില്ലാത്ത അവസ്ഥയിലും പ്ളാസ്റ്റിക് നിരോധനത്തിനുവേണ്ടി അധികൃതര്‍ ഒരു നടപടിയുമെടുക്കുന്നില്ല. മണ്ണുമാന്തി യന്ത്രത്തിന്‍െറ പ്രവര്‍ത്തനത്തിനും മുന്‍ കലക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാത്രിയിലെ മണ്ണുനീക്കല്‍ ഉള്‍പ്പെടെയുള്ളവക്കുണ്ടായിരുന്ന നിയന്ത്രണവും എടുത്തുമാറ്റപ്പെട്ട അവസ്ഥയിലാണിപ്പോള്‍. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍ പെരുങ്കുളത്ത് സര്‍വേ നമ്പര്‍ 596ല്‍ ക്രഷറിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്നിരുന്ന ക്വാറിക്ക് വീണ്ടും പാറ പൊട്ടിക്കാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. ബാണാസുര മലയോരത്തെ രണ്ട് തവണ ഉരുള്‍പൊട്ടുകയും ഒരു സ്ത്രീ മരണപ്പെടുകയും ചെയ്ത അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് മുന്‍ ജില്ല കലക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയ കരിങ്കല്‍ ക്വാറിക്കാണ് രാഷ്ട്രീയ സമ്മര്‍ദത്തത്തെുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയത്. കാലാവസ്ഥാ വ്യതിയാനം ജില്ലയില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമ്പോഴും അനങ്ങാപ്പാറ നയം തുടരുന്ന ജില്ലാ ഭരണകൂടത്തിനെതിരെ ശക്തമായി പ്രക്ഷോഭത്തിനിറങ്ങാനാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ നീക്കം. പ്രകൃതി സ്നേഹികളെന്ന് പുറമേക്ക് കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ ജില്ല ഭരണകൂടത്തിന്‍െറ ചെയ്തികള്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കുന്നില്ളെന്നതാണ് സത്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.