ലഹരി: നാലു മാസത്തിനിടെ ജില്ലയില്‍ 509 റെയ്ഡുകള്‍

കല്‍പറ്റ: വ്യാജമദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും ഉല്‍പാദനവും വിതരണവും തടയുന്നതിന് എക്സൈസ് വകുപ്പ് നാലു മാസത്തിനിടെ ജില്ലയില്‍ 509 റെയ്ഡുകള്‍ നടത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. 123 അബ്കാരി കേസുകള്‍, 370 കോട്പ കേസുകള്‍, 18 എന്‍.ഡി.പി.എസ് കേസുകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്തു. ആറ് വാഹനങ്ങള്‍, 426 ലിറ്റര്‍ വിദേശമദ്യം, ഒമ്പതു ലിറ്റര്‍ ബിയര്‍, 22 ആംപ്യൂള്‍ ഫോര്‍ട്ടിന്‍ ഇന്‍ജക്ഷന്‍, 77 കി.ഗ്രാം പാന്‍മസാല ഉല്‍പന്നങ്ങള്‍, 2.28 കി.ഗ്രാം കഞ്ചാവ്, 931 ലിറ്റര്‍ വാഷ്, 40 ലിറ്റര്‍ കള്ള്, 28 ലിറ്റര്‍ ചാരായം എന്നിവ പിടിച്ചെടുത്തു. ഇക്കാലയളവില്‍ 5558 വാഹനങ്ങളാണ് പരിശോധിച്ചത്. 631 തവണ കള്ളുഷാപ്പുകളും 81 തവണ വിദേശമദ്യ ഷാപ്പുകളും പരിശോധിച്ചു. 87 തവണ കള്ളിന്‍െറ സാമ്പ്ള്‍ പരിശോധനക്കയച്ചു. ഓണക്കാലത്ത് വ്യാജമദ്യത്തിന്‍െറ ഉല്‍പാദനവും വിതരണവും തടയുന്നതിന് എക്സൈസ് വകുപ്പ് പ്രത്യേക ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ 18 വരെ ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തും. വ്യാജവാറ്റ് സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ്, വനം, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത റെയ്ഡുകള്‍ നടത്തും. വരുംദിവസങ്ങളില്‍ എല്ലാ പഞ്ചായത്തുകളിലും ജനകീയ കമ്മിറ്റികള്‍ ചേരും. വ്യാജവാറ്റും മയക്കുമരുന്നും സംബന്ധിച്ച് വിവരങ്ങള്‍ പൊതുജനങ്ങള്‍ എക്സൈസ് വിഭാഗത്തിന് കൈമാറണം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തില്ല. പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതികളില്‍ സത്വര നടപടി സ്വീകരിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ് രൂപവത്കരിക്കും. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവരശേഖരണത്തിനുമായി ആറ് കോളജുകള്‍ ഉള്‍പ്പെടെ 77 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിവിരുദ്ധ ക്ളബ് രൂപവത്കരിച്ചിട്ടുണ്ട്.കലക്ടറേറ്റില്‍ നടന്ന ജനകീയ സമിതി യോഗത്തില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, എ.ഡി.എം കെ.എം. രാജു, വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എന്‍.എസ്. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.