അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടി പുല്‍പള്ളി ബസ്സ്റ്റാന്‍ഡ്

പുല്‍പള്ളി: പുല്‍പള്ളി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് അസൗകര്യങ്ങള്‍ക്ക് നടുവില്‍. 20 വര്‍ഷംമുമ്പ് നിര്‍മിച്ച ബസ്സ്റ്റാന്‍റില്‍ അന്നുണ്ടായിരുന്ന ബസുകള്‍ക്ക് ആനുപാതികമായിട്ടായിരുന്നു സൗകര്യങ്ങള്‍ ഒരുക്കിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ബസുകളുടെ എണ്ണം വര്‍ധിച്ചു. സ്വകാര്യ ബസുകള്‍ക്കുപുറമെ കെ.എസ്.ആര്‍.ടി.സി സര്‍വിസുകളും കൂടി. ഇതോടെ സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം കുറഞ്ഞു. പുതിയ ബസ്സ്റ്റാന്‍ഡ് എന്ന ആശയം മുമ്പ് ഉയര്‍ന്നിരുന്നു. ഇതിനായി പഞ്ചായത്ത് ഭൂമിയടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അറിയിച്ചു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. പുല്‍പള്ളി പഞ്ചായത്ത് താഴെയങ്ങാടിക്കടുത്ത് എട്ടേക്കര്‍ സ്ഥലം വാങ്ങി അമ്പെയ്ത്ത് പരിശീലന കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. ഇതില്‍ കുറച്ചുഭാഗം വിട്ടുകൊടുത്താല്‍ കെ.എസ്.ആര്‍.ടി.സി മിനി സ്റ്റേഷന്‍ ഇവിടെ ആരംഭിക്കാന്‍ കഴിയും. കഴിഞ്ഞ ഭരണസമിതി ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പുതിയ ഭരണസമിതി ഭൂമി മുഴുവന്‍ അമ്പെയ്ത്ത് കേന്ദ്രത്തിന് വിട്ടുകൊടുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ കെ.എസ്.ആര്‍.ടി.സി സബ് സ്റ്റേഷന്‍ എന്ന സ്വപ്നം അടഞ്ഞ അധ്യായമായി. പുതിയതായി സ്ഥലം കണ്ടത്തെിയാല്‍ മാത്രമേ പുതിയ സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാവുകയുള്ളു. ഭൂമിയുടെ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രശ്നങ്ങളും പഞ്ചായത്തിനെയും അലട്ടുകയാണ്. സ്വകാര്യ ബസുകള്‍ മിക്കതും സര്‍വിസിനുശേഷം സ്റ്റാന്‍ഡില്‍തന്നെ നിര്‍ത്തിയിടുന്നതായി പരാതിയുണ്ട്. ഇത്തരത്തിലുള്ള പാര്‍ക്കിങ് ഒഴിവാക്കണമെന്ന് മുമ്പ് ട്രാഫിക് അഡൈ്വസറി ബോര്‍ഡും മറ്റും തീരുമാനിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതെല്ലാം എല്ലാവരും മറന്നു. ദീര്‍ഘദൂര സര്‍വിസുകളടക്കം നിരവധി ബസുകള്‍ കെ.എസ്.ആര്‍.ടി.സിയുടേതായിട്ടുണ്ട്. സ്വകാര്യ ബസുകളുടെ എണ്ണവും ഉയര്‍ന്നു. ബസ്സ്റ്റാന്‍ഡില്‍ സ്വകാര്യ വാഹനങ്ങളും പലപ്പോഴും പാര്‍ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. നിലവില്‍ നിന്നുതിരിയാന്‍ യാത്രക്കാര്‍ക്ക് കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഇതിനിടയില്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ ഓടുന്നതും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.