ജനറല്‍ ആശുപത്രി രണ്ടിടത്ത്

കല്‍പറ്റ: ജനറല്‍ ആശുപത്രി ഒ.പി കൈനാട്ടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ രോഗികളും ആശുപത്രി ജീവനക്കാരും വലയുന്നു. ആവശ്യത്തിന് സ്റ്റാഫില്ലാത്തത് ഏറെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കിടത്തിചികിത്സ സൗകര്യം പഴയകെട്ടിടത്തില്‍തന്നെ നിലനിര്‍ത്തിയപ്പോള്‍ ഒ.പി കൈനാട്ടിയിലായത് ഡോക്ടര്‍മായെും പ്രയാസത്തിലാക്കിയിരിക്കുകയാണ്. ഒ.പിയില്‍ നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി കൈനാട്ടിയില്‍ ചികിത്സ തേടിയത്തെുന്നത്. എന്നാല്‍, ഇതിനിടയില്‍ കല്‍പറ്റ പൊലീസ് സ്റ്റേഷനരികെയുള്ള പഴയ ആശുപത്രിയില്‍ രോഗികള്‍ അടിയന്തര ചികിത്സ തേടി എത്തിയാല്‍ ഒ.പി പരിശോധന നിര്‍ത്തിവെച്ച് ഡോക്ടര്‍മാര്‍ ഓടിയെത്തേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ കൈനാട്ടിയില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന നൂറുകണക്കിന് രോഗികള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരും. ഗൈനക്കോളജി വിഭാഗത്തിലാണ് ഈ പ്രശ്നം കാര്യമായുള്ളത്. ഒരു ഗൈനക്കോളജിസ്റ്റ് മാത്രമാണ് ആശുപത്രിയിലുള്ളത്. ഇദ്ദേഹം ഒ.പി-ഐ.പി രോഗികള്‍ക്കിടയില്‍ നെട്ടോട്ടത്തിലാണിപ്പോള്‍. ഗൈനക് ഒ.പിയും ഐ.പിയും എത്രയും പെട്ടെന്ന് ഒരേ സ്ഥലത്താക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇതിനുപുറമെ ദിനംപ്രതി വാര്‍ഡുകളില്‍ പരിശോധിക്കേണ്ടതിന് ഡോക്ടര്‍മാരും അനുബന്ധ സ്റ്റാഫുകളും ഇങ്ങോട്ട് യാത്ര ചെയ്യണം. ജീവനക്കാര്‍ കുറവായതിനാല്‍ ഇവിടെയത്തെുന്നവര്‍ ജോലി കഴിഞ്ഞ് തിരിച്ച് വീണ്ടും കൈനാട്ടിയില്‍ തിരിച്ചെത്തേണ്ട അവസ്ഥയുമുണ്ട്. രോഗികളെ ഒ.പിയില്‍നിന്ന് ഐ.പിയിലേക്ക് കൊണ്ടുവരുന്നതിന് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയുടെ അടിസ്ഥാന മാനദണ്ഡപ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍ ഇവിടെയില്ല. പാരാമെഡിക്കല്‍ വിഭാഗത്തില്‍ 100ല്‍പരം സ്റ്റാഫുകള്‍ ആവശ്യമുണ്ട്. പക്ഷേ, ഒഴിവുകള്‍ നികത്താനേറെയുണ്ട്. ലാബ്, ക്ളീനിങ് വിഭാഗങ്ങളിലായി ഉള്ള ജീവനക്കാര്‍ അതികസമയം ജോലിചെയ്യേണ്ട അവസ്ഥയാണ്. ഏകദേശം മൂന്നു കിലോമീറ്റര്‍ അകലത്തില്‍ ഒരു ആശുപത്രി സ്ഥിതിചെയ്യുന്നത് കൊണ്ടുതന്നെ ഡോക്ടര്‍മാരടക്കമുള്ള സ്റ്റാഫുകള്‍ ഇരുസ്ഥലത്തേക്കും യാത്രചെയ്യുന്നത് മൂലമുള്ള സമയനഷ്ടവും ഉണ്ട്. കാഷ്വാലിറ്റി സൗകര്യം പഴയ സ്ഥലത്ത് തന്നെയാണ് ഉള്ളത്. 24 മണിക്കൂര്‍ ഒരു ഡോക്ടര്‍ അവിടെ ഡ്യൂട്ടിയിലുണ്ടാവും. പക്ഷേ, അവിടെയും ആവശ്യമായ പാരാമെഡിക്കല്‍ സ്റ്റാഫില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൈനാട്ടിയിലെ ഒ.പിയില്‍ ചീട്ടെുക്കാന്‍ രാവിലെ മുതല്‍ ഉച്ചവരെ നീണ്ട ക്യൂവാണ്. ഒ.പി ടിക്കറ്റ് കൗണ്ടറില്‍ രണ്ടു പേരുണ്ടെങ്കിലും ചില സമയങ്ങളില്‍ ഒരാള്‍ മാത്രമാകുന്നതോടെ രോഗികള്‍ ഏറെ പ്രയാസപ്പെടുന്നു. പിഞ്ചുകുഞ്ഞുങ്ങളെയുമെടുത്ത് ഏറെ ദൂരം ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ് സ്ത്രീകള്‍. കൂടുതല്‍ കൗണ്ടറുകള്‍ തുറന്ന് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ തിരക്ക് കുറക്കാന്‍ കഴിയും. ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമായിട്ടില്ലാത്തതിനാലാണ് ആശുപത്രി സൗകര്യം മുഴുവനായും പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സാധിക്കാത്തത്. അതുകൂടാതെ, പുതിയ കെട്ടിടത്തിലേക്ക് പൂര്‍ണമായും മാറണമെങ്കില്‍ നിലവിലെ മെഡിക്കല്‍, ഫര്‍ണിച്ചര്‍ ഉപകരണങ്ങള്‍ മതിയാവില്ളെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പുതിയ കെട്ടിടത്തിലെ സ്ഥല സൗകര്യം പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ ഫര്‍ണിച്ചറടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. പക്ഷേ, സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭ്യമാവുമ്പോഴേക്ക് കാലതാമസം വരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അതിനാല്‍തന്നെ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും കൂട്ടായ്മകളെയും സമീപിച്ച് ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും മറ്റും സ്പോണ്‍സര്‍ ചെയ്യിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ചാണ് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി ആലോചിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.