ഗൂഡല്ലൂര്‍: മൈസൂരു-ഊട്ടി-മേട്ടുപ്പാളയം ദേശീയപാത 67ല്‍ മുതുമല കടുവാസങ്കേതത്തിലൂടെ കടന്നുപോവുന്ന ഭാഗത്തെ കാര്‍ക്കുടിക്ക് സമീപം റോഡ് തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. മൈസൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്കാണ് ഏറെ പ്രയാസം. റോഡ് തകര്‍ന്ന ഭാഗത്ത് വെച്ച കല്ലുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടുന്നില്ല. വളവുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞത്. മുളങ്കൂട്ടമാണ് മറവാകുന്നത്. വിനോദസഞ്ചാരികളടക്കം നിരവധി വാഹനങ്ങള്‍ കര്‍ണാടകയിലേക്കും കേരളത്തിലേക്കും തമിഴ്നാടിന്‍െറ മറ്റു ഭാഗങ്ങളിലേക്കും കടന്നുപോവുന്ന പ്രധാന പാതയാണിത്. കേരളത്തിലേക്കുള്ള ടൈല്‍സ് കയറ്റിവരുന്ന ലോറികളും കണ്ടെയ്നറുകളും ഇപ്പോള്‍ മുതുമല, ഗൂഡല്ലൂര്‍, നാടുകാണി വഴിയാണ് പോകുന്നത്. രാത്രി ഒമ്പതിനുശേഷം ഗതാഗതം നിരോധിച്ചതിനാല്‍ അതിര്‍ത്തി കടക്കാന്‍ വാഹനങ്ങള്‍ ചീറിപ്പായുകയാണ്. ഇതിനാല്‍ മുതുമല കടുവാസങ്കേതത്തിലെ പലഭാഗത്തും അപകട ഭീഷണി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്നു വാഹനങ്ങള്‍ മായാര്‍ തോട്ടിലേക്ക് പതിച്ചെങ്കിലും ആളപായമുണ്ടായില്ല. ഇവിടങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.