വിലയിടിവ് : ഇഞ്ചിയില്‍ എരിഞ്ഞ് കര്‍ഷകര്‍

പുല്‍പള്ളി: ഇഞ്ചി കര്‍ഷകര്‍ പ്രതിസന്ധികള്‍ക്ക് നടുവില്‍. വിലയിടിവാണ് കര്‍ഷകരെ വലക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഒരു ചാക്ക് പഴയ ഇഞ്ചിക്ക് 4500 രൂപ വരെ വില ലഭിച്ചിരുന്നു. ഇപ്പോള്‍ വില 1500 രൂപയാണ്. പുതിയ ഇഞ്ചിക്ക് തീരെ ഡിമാന്‍ഡില്ല. വിലയും കുത്തനെ കുറഞ്ഞു. ഇപ്പോള്‍ പുതിയ ഇഞ്ചിയുടെ വില 700 മുതല്‍ 800 രൂപ വരെയാണ്. കൂലിച്ചെലവുപോലും ലഭിക്കുന്നില്ളെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒരേക്കര്‍ സ്ഥലത്ത് ഇഞ്ചികൃഷി ചെയ്യാന്‍ നാലു ലക്ഷം രൂപയിലധികം ചെലവുണ്ട്. വയനാട്ടിലെ കര്‍ഷകരില്‍ നല്ളൊരു പങ്കും നാണ്യവിളകൃഷികളുടെ തകര്‍ച്ചയോടെ കര്‍ണാടകയിലേക്ക് ചേക്കേറി. മൈസൂരു, കുടക്, ചാമരാജ് നഗര്‍, ശിവമോഗ തുടങ്ങിയ ജില്ലകളില്‍ ഇഞ്ചികൃഷി വ്യാപകമാണ്. ഒരേക്കര്‍ സ്ഥലം പാട്ടത്തിന് ലഭിക്കണമെങ്കില്‍ 50,000 മുതല്‍ 70,000 രൂപ വരെ ചെലവുണ്ട്. ഇത്രയധികം പണം ചെലവഴിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ നിരാശയിലാണ്. പലരും പണം കടംവാങ്ങിയാണ് കൃഷിമേഖലയിലേക്ക് തിരിഞ്ഞത്. ചെലവഴിച്ച പണം എങ്ങനെ മടക്കിക്കൊടുക്കുമെന്ന ആശങ്കയിലാണിവര്‍. കാലാവസ്ഥാ വ്യതിയാനം കാരണം അടുത്ത വിളവെടുപ്പും മോശമാകുമെന്ന ആധിയിലാണ് മിക്ക കര്‍ഷകരും. രണ്ടു വര്‍ഷം മുമ്പ് ഇഞ്ചിയുടെ വിലയിടിവിനത്തെുടര്‍ന്ന് നിരവധി കര്‍ഷകര്‍ ജീവനൊടുക്കിയിരുന്നു. കര്‍ണാടകയിലും വയനാട്ടിലും മാത്രമായിരുന്നു സമീപ കാലം വരെ ഇഞ്ചികൃഷി കൂടുതല്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലടക്കം ഇഞ്ചികൃഷി വ്യാപകമാണ്. ഇഞ്ചിയുടെ ഉല്‍പാദനം വര്‍ധിച്ചതാണ് വിലയിടിവിന് കാരണമായി പറയുന്നത്. അമിതമായ രാസവളപ്രയോഗം മൂലം കുടകിലും മറ്റും ഉല്‍പാദിപ്പിക്കുന്ന ഇഞ്ചി തുടുത്താണിരിക്കുന്നത്. വലുപ്പവും കൂടുതലാണ്. ഇക്കാരണത്താല്‍ കേരളത്തിലെ പ്രധാന വിപണികളിലേക്കടക്കം കുടകിലെ ഇഞ്ചിയാണ് കൂടുതലായും വാങ്ങുന്നത്. വയനാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന ഇഞ്ചിക്ക് നിറമില്ലാത്തതിന്‍െറ പേരില്‍ കാര്യമായ ഡിമാന്‍ഡില്ല. പ്രധാന ഇഞ്ചി വിപണികളായ ഡല്‍ഹി, മുംബൈ, തൃശ്ശിനാപ്പള്ളി എന്നിവിടങ്ങളിലേക്കും മറുനാടുകളില്‍നിന്നുള്ള ഇഞ്ചി ധാരാളമായി എത്തുന്നുണ്ട്. വയനാട്ടില്‍ ഇഞ്ചി വാങ്ങാന്‍ കച്ചവടക്കാരും മടിക്കുകയാണ്. മറ്റിടങ്ങളില്‍നിന്ന് കാര്യമായ അന്വേഷണമില്ലാത്തതിനാല്‍ ധൈര്യമായി ഇഞ്ചി വാങ്ങാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കൃഷിയിടത്തില്‍നിന്ന് പറിച്ചുകൊണ്ടുവരുന്ന ഇഞ്ചി പലരും എടുക്കാന്‍ കൂട്ടാക്കുന്നില്ല. ചെറുകിട കര്‍ഷകരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. കൂടുതല്‍ സമയം സൂക്ഷിച്ചുവെക്കാന്‍ പറ്റാത്തതിനാല്‍ പലരും കിട്ടിയ വിലക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കുകയാണ്. വരുംദിവസങ്ങളിലും വിലയിടിവ് തുടര്‍ന്നാല്‍ കര്‍ഷകര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.