പാമ്പ്ര: സമരസ്ഥലം ആദിവാസികള്‍ക്ക് നല്‍കുന്നതിനെതിരെ തൊഴിലാളികള്‍

കേണിച്ചിറ: പാമ്പ്ര മരിയനാട് സര്‍ക്കാര്‍ കോഫി പ്ളാന്‍േറഷനില്‍ തങ്ങളുടെ സമരസ്ഥലം ആദിവാസികള്‍ക്ക് പതിച്ചുകൊടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് തൊഴിലാളികള്‍. അതേസമയം, ഭൂമി ആദിവാസികള്‍ക്ക് കൊടുക്കാനുള്ള നീക്കം റവന്യൂ വകുപ്പ് ശക്തമാക്കി. തൊപ്പിപ്പാറ, അയ്യപ്പന്‍കുന്ന്, ഓഫിസ്കുന്ന്, മുപ്പതേക്കര്‍ എന്നിങ്ങനെയുള്ള ഭാഗങ്ങളാണ് സമരത്തിന്‍െറ ഭാഗമായി തൊഴിലാളികള്‍ കൈവശം വെച്ചിട്ടുള്ളത്. ഈ ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്ക് കൊടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഒരു കുടുംബത്തിന് ഒരേക്കര്‍ വീതമാണ് ലഭിക്കുക. അളക്കല്‍ ജോലികള്‍ ഏറക്കുറെ പൂര്‍ത്തിയായതായി വനംവകുപ്പിലെ ഉന്നത ജീവനക്കാര്‍ പറഞ്ഞു. 150ഓളം തൊഴിലാളികളാണ് പാമ്പ്ര തോട്ടത്തിലുള്ളത്. തൊഴിലിനായി ഒരു പതിറ്റാണ്ടിലേറെയായി ഇവര്‍ സമരം തുടങ്ങിയിട്ട്. രണ്ടേക്കര്‍ വീതമാണ് തൊഴിലാളികള്‍ കൈവശം വെച്ചിട്ടുള്ളത്. ഈ ഭൂമിയില്‍ ഇവര്‍ വിവിധ തരത്തിലുള്ള കൃഷിയും ചെയ്യുന്നുമുണ്ട്. പലതവണ വിളവെടുക്കലും നടത്തി. തൊഴിലില്ളെങ്കിലും സമരസ്ഥലത്തെ വരുമാനംകൊണ്ട് അത്യാവശ്യം ജീവിക്കാമെന്നായിട്ടുണ്ട്. ഇതിനിടയിലാണ് ആദിവാസികള്‍ക്ക് കൊടുക്കാനുള്ള നീക്കം. ഭൂമിയുടെ അളക്കല്‍ ജോലികള്‍ക്ക് അധികൃതര്‍ എത്തുമ്പോള്‍ തടയുമെന്നാണ് തൊഴിലാളികളുടെ നിലപാട്. കഴിഞ്ഞ ഒരാഴ്ചയായി തൊഴിലാളികള്‍ റവന്യൂ അധികൃതരെ കാത്തിരിക്കുകയാണ്. മതിയായ നഷ്ടപരിഹാരമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സമവായ ചര്‍ച്ചകളൊന്നും കാര്യമായി നടന്നിട്ടില്ല. അതിനാല്‍, പ്രശ്നം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 1000 ഏക്കറിലേറെ വരുന്ന പാമ്പ്ര തോട്ടത്തിന്‍െറ പകുതിയോളം ഭാഗമേ പ്ളാന്‍േറഷനാക്കിയിട്ടുള്ളൂ. എഴുപതുകളുടെ തുടക്കത്തിലായിരുന്നു ഇതെന്ന് വനംവകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. തുടര്‍ന്ന് തൊണ്ണൂറുകളുടെ അവസാനംവരെ തൊഴിലാളികള്‍ക്ക് നല്ല കാലമായിരുന്നു. രണ്ടായിരത്തിന്‍െറ തുടക്കത്തില്‍ തോട്ടം കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ പാട്ടത്തിനെടുത്തു. വനംവകുപ്പില്‍നിന്നും നിയന്ത്രണം നഷ്ടപ്പെട്ടതോടെ തോട്ടത്തിലെ സകല കാര്യങ്ങളും താളംതെറ്റുകയായിരുന്നു. പാമ്പ്ര കോഫി പ്ളാന്‍േറഷന്‍ തുടങ്ങിയത് പ്രദേശത്തെ തൊഴില്‍രഹിതരായ ആദിവാസികള്‍ക്ക് തൊഴില്‍ കൊടുക്കാനായിരുന്നു. ആദിവാസികളുടെ അഭാവത്തില്‍ തൊഴിലാളികളില്‍ കൂടുതലും മറ്റുള്ളവരായി. ഇപ്പോള്‍ സമരംചെയ്യുന്ന തൊഴിലാളികളില്‍ ആദിവാസികള്‍ പേരിനുപോലുമില്ല. ഈയൊരവസ്ഥയില്‍ തൊഴിലാളികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി വിട്ടുകൊടുക്കേണ്ടിവരുമെന്നാണ് വനം അധികാരികള്‍ പറയുന്നത്. കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് പാമ്പ്ര തോട്ടത്തിലുള്ളത്. പണ്ട് തോട്ടം നല്ല നിലയിലായിരുന്നപ്പോള്‍ പണിത നിരവധി കെട്ടിടങ്ങളും കോടികള്‍ വിലമതിക്കുന്നതാണ്. ഇപ്പോള്‍ ഇവ അനാഥമായി കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.