വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് ചെറുക്കും

മാനന്തവാടി: നഗരത്തിലെ വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുന്ന അധികൃതര്‍, ഉപജീവനത്തിനുവേണ്ടി വഴിയോരങ്ങളില്‍ കച്ചവടം നടത്തുന്ന സാധാരണക്കാരെ മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാന്‍ നടത്തുന്ന നീക്കം ചെറുക്കുമെന്ന് വഴിയോരക്കച്ചവട സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. റവന്യൂ വകുപ്പിന്‍െറയും സബ്കലക്ടറുടെയും നീക്കം നീതീകരിക്കാനാകില്ല. ചര്‍ച്ച നടത്തി പകരം സംവിധാനമൊരുക്കാതെ ഒഴിയില്ല. 2014ല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി സംരക്ഷിക്കാനും ക്ഷേമനിധി ഏര്‍പ്പെടുത്താനും പല സംസ്ഥാനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. കേരളത്തിലും ഇതിനുള്ള കണക്കെടുപ്പ് പല ജില്ലകളിലും തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പോ ചര്‍ച്ചകളോ കൂടാതെ മാനന്തവാടിയിലെ വഴിയോരക്കച്ചവടക്കാര്‍ ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. നഗരത്തിലെ ചിലയിടത്ത് ബഹുനില കെട്ടിടങ്ങളിലെ പാര്‍ക്കിങ് ഏരിയകള്‍ വാടകമുറികളാക്കി മാറ്റി. നടപ്പാതകളിലേക്ക് സാധനങ്ങള്‍ ഇറക്കിവെച്ച് കാല്‍നടക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുമുണ്ട്. ഇത്തരം കൈയേറ്റങ്ങള്‍ ഉണ്ടെന്നിരിക്കെ വഴിയോരക്കച്ചവടം നടത്തുന്നവരെ ചര്‍ച്ചക്കുപോലും വിളിക്കാതെ ഒഴിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ളെന്നും വഴിവാണിഭക്കാര്‍ പറഞ്ഞു. ഭാരവാഹികളായ അസീസ് കൊടക്കാട്ട്, റിയാസ്, സോമന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.