മാരുതി ജനക്ഷേമ ചിട്ടി ഉടമകള്‍ മുങ്ങി; അനക്കമില്ലാതെ അധികൃതര്‍

കല്‍പറ്റ: ജില്ലയില്‍ ചിട്ടി നടത്തി കോടികള്‍ തട്ടിയെടുത്ത മാരുതി ജനക്ഷേമ ചിട്ടി ഉടമകള്‍ മുങ്ങിയിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ളെന്ന് മാരുതി ചിട്ടി ഫണ്ട് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 10,000 മുതല്‍ 25 ലക്ഷം വരെ രൂപയാണ് പലര്‍ക്കായി നഷ്ടപ്പെട്ടത്. വടകര സ്വദേശിയായ മാനേജിങ് ഡയറക്ടര്‍ സുശീല്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും മണിയങ്കോട് സ്വദേശി പ്രദീപ്കുമാര്‍, ഒ.പി. പുഷ്പരാജ് എന്നിവര്‍ ഇപ്പോഴും പിടികൊടുക്കാതെ നടക്കുകയാണ്. 10 കോടിയോളം രൂപയാണ് ജില്ലയില്‍ ചിട്ടി ഗുണഭോക്താക്കള്‍ക്ക് ലഭിക്കാനുള്ളത്. കല്‍പറ്റ കേന്ദ്രീകരിച്ച് അയല്‍സംസ്ഥാനങ്ങളിലും കമ്പനി പ്രവര്‍ത്തിച്ചിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനം, അവാര്‍ഡ് നല്‍കല്‍ തുടങ്ങിയവയിലൂടെ ആളുകളെ സ്വാധീനിച്ചാണ് പലപേരിലും ഇവര്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയത്. പൊലീസ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സന്നദ്ധമാകുന്നില്ല. കല്‍പറ്റയിലെ ഹെഡ് ഓഫിസ് പൂട്ടി സീല്‍ ചെയ്തെങ്കിലും ഫര്‍ണിച്ചറുകളും കമ്പ്യൂട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ഇതിന് കല്‍പറ്റ പൊലീസ് സ്റ്റേഷനിലെ ചിലരുടെ ഒത്താശയുണ്ട്. പുഷ്പരാജ് കല്‍പറ്റ പൊലീസ് കോളനിയിലെ വീട് പൂട്ടി സ്ഥലംവിട്ടു. ഒട്ടേറെ പേരെ ചെക്, രസീത് എന്നിവ നല്‍കി പറ്റിച്ചിട്ടും ചിട്ടി പൂര്‍ത്തിയായിട്ടും പണം നല്‍കാതെ കബളിപ്പിച്ചിട്ടും അധികൃതര്‍ ഇടപെട്ടിട്ടില്ല. കമ്പനി അടച്ചുപൂട്ടിയതറിയാതെ പലരും ഇപ്പോഴും പണം അടച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചിട്ടിക്കമ്പനിയുടെ ആസ്തി കണ്ടുകെട്ടി നഷ്ടപ്പെട്ടവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കണം. ഇരകള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാന്‍ അധികൃതര്‍ തയാറല്ളെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ. മുഹമ്മദലി, ജനറല്‍ കണ്‍വീനര്‍ പി.എല്‍. ആകര്‍ഷ്, കണ്‍വീനര്‍ കെ.സി. റിയാസ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.