മലയോര ഹൈവേ: നിര്‍മാണം നിര്‍ത്തിയത് വയനാടിന് വന്‍നഷ്ടം

മാനന്തവാടി: കാസര്‍കോട്ടെ നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരത്തെ കടക്കുറവരെ നീളുന്ന മലയോര ഹൈവേ നിര്‍മാണം നിര്‍ത്തിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വയനാടിന് റോഡ് വികസനത്തില്‍ വന്‍ തിരിച്ചടിയാകും. 2005ല്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തികളുടെ രണ്ടാംഘട്ടം കണ്ണൂര്‍ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള ഭാഗം അന്തിമഘട്ടത്തിലാണ്. മൂന്നാം ഘട്ടമായി കൊട്ടിയൂര്‍ ബോയ്സ് ടൗണില്‍നിന്ന് ആരംഭിച്ച് മാനന്തവാടി, നാലാംമൈല്‍, കല്‍പറ്റ, മേപ്പാടി, ചൂരല്‍മല, നാടുകാണി വഴി നിലമ്പൂരില്‍ എത്തിനില്‍ക്കുന്നതിന്‍െറ പ്രവൃത്തിയായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്. 75 കി.മീ ദൂരമാണ് മൂന്നാം ഘട്ടത്തില്‍ പ്രവൃത്തി നടക്കേണ്ടത്. ഇതില്‍ മുക്കാല്‍ഭാഗം ദൂരവും വയനാട്ടിലായിരുന്നു. ഒന്നാം ഘട്ടത്തില്‍ ചെമ്പേരി മുതല്‍ പയ്യാവൂര്‍ വരെയുള്ള 10 കി.മീ ദൂരമാണ് പൂര്‍ത്തിയായത്. രണ്ടാം ഘട്ടത്തില്‍ 59 കീ.മീ ദൂരത്തിലുള്ള പ്രവൃത്തികളാണ് നടന്നുവരുന്നത്. റോഡ് യാഥാര്‍ഥ്യമായിരുന്നെങ്കില്‍ വയനാട്ടുകാര്‍ക്ക് എളുപ്പത്തില്‍ തീവണ്ടി മാര്‍ഗം തൃശൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ എത്താന്‍ കഴിയുമായിരുന്നു. മൂന്നാംഘട്ട പ്രവൃത്തി ആരംഭിക്കാന്‍ ജില്ലയിലെ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.