ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള നടപടികള്‍ പരാജയം

മാനന്തവാടി: ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെല്ലാം പരാജയം. കഴിഞ്ഞ അധ്യയന വര്‍ഷം ജില്ലയിലെ സ്കൂളുകളില്‍നിന്ന് 1233 പേര്‍ പഠനം ഉപേക്ഷിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഒന്നു മുതല്‍ പത്തു വരെ ക്ളാസുകളിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍നിന്ന് കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളുടെ കണക്കാണിത്. എന്നാല്‍, വല്ലപ്പോഴും സ്കൂളില്‍ എത്തുന്നവരെ സര്‍ക്കാര്‍ കണക്കുപ്രകാരം വിദ്യാര്‍ഥിയായി പരിഗണിച്ച് തുടര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു. തുടര്‍ പഠനം പേരിനുപോലും നടത്താത്ത നിരവധി കുട്ടികള്‍ ഈ കണക്കുകള്‍ക്ക് പുറത്താണ്. ആദിവാസി കുട്ടികള്‍ സ്കൂളില്‍ ഹാജരാകുന്നില്ളെങ്കിലും അഡ്മിഷന്‍ രജിസ്റ്ററുകളില്‍നിന്ന് പേര് നീക്കംചെയ്യരുതെന്ന നിര്‍ദേശമുള്ളതിനാല്‍ മാസങ്ങളോളം കൊഴിഞ്ഞുപോയവരുടെ പട്ടികയില്‍ ഉള്‍പ്പെടുകയില്ല. 2015-16 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്ന് 976 പട്ടികവര്‍ഗ വിദ്യാര്‍ഥികളും 27 പട്ടികജാതി വിദ്യാര്‍ഥികളും എയ്ഡഡ് വിദ്യാലയങ്ങളില്‍നിന്ന് 257 പട്ടികവര്‍ഗ വിദ്യാര്‍ഥികളും ഒരു പട്ടികജാതി വിദ്യാര്‍ഥിയും പഠനമുപേക്ഷിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. ഉയര്‍ന്ന ക്ളാസുകളില്‍ നിന്നാണ് കൂടുതല്‍ കൊഴിഞ്ഞുപോക്ക്. എട്ടാം ക്ളാസില്‍ 302ഉം ഒമ്പതില്‍ 427ഉം കുട്ടികളാണ് പഠനമുപേക്ഷിച്ചത്. പത്താം തരത്തില്‍ 226 കുട്ടികള്‍ പാതിവഴിയില്‍ നിര്‍ത്തി. പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളെ സ്കൂളുകളിലത്തെിക്കാന്‍ ഗോത്രസാരഥിയും പ്രഭാതഭക്ഷണവും വര്‍ഷത്തിലും മാസംതോറും നല്‍കിവരുന്ന സ്റ്റൈപന്‍ഡുകളും നിലനില്‍ക്കെയാണ് ഈ കൊഴിഞ്ഞുപോക്കെന്നത് ശ്രദ്ധേയമാണ്. ഇതിനു പുറമെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സമര്‍പ്പിത സാമൂഹിക വളന്‍റിയേഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നീതിവേദി ജില്ലയില്‍ നടത്തിയ പഠനത്തിലും ആദിവാസികള്‍ക്കിടയിലെ കൊഴിഞ്ഞുപോക്കിന്‍െറ വര്‍ധിതമായ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. 74 ഊരുകളിലെ കോളനികളില്‍ നടത്തിയ പഠനത്തില്‍ ആദിവാസികളിലെ പണിയ വിഭാഗത്തില്‍ 75 ശതമാനം കൊഴിഞ്ഞുപോക്ക് നടക്കുന്നതായി കണ്ടത്തെിയിരുന്നു. യു.പി വിഭാഗത്തില്‍ 40.3 ശതമാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ 44.8 ശതമാനവും പഠനമുപേക്ഷിക്കുന്നതായായിരുന്നു നീതിവേദി കണ്ടത്തെിയത്. കോളനികളിലെ സാഹചര്യവും മദ്യ ഉപഭോഗ വര്‍ധനയും ഇതിന് കാരണമായതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് തടയാന്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്താന്‍ അധികൃതര്‍ തയാറാവേണ്ടത് അനിവാര്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.