ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ സമരത്തില്‍

സുല്‍ത്താന്‍ ബത്തേരി: ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച മുതല്‍ സമരം ആരംഭിക്കും. സ്പെഷല്‍ ഒ.പി നിര്‍ത്തിവെച്ച് ജനറല്‍ ഒ.പിയില്‍ മാത്രം പരിശോധന നടത്തും. തസ്തികയനുസരിച്ച് ഡോക്ടര്‍മാരെയും നിയമിക്കുക, സ്റ്റാഫ് പാറ്റേണ്‍ പുതുക്കി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ തയാറായിട്ടില്ല. നാമമാത്രമായ ഡോക്ടര്‍മാര്‍ക്ക് നൂറുകണക്കിന് രോഗികളെ പരിശോധിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. രോഗികളുടെ തിരക്കുമൂലം പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സമയം ലഭിക്കുന്നില്ല. 1960ലെ സ്റ്റാഫ് പാറ്റേണാണ് തുടരുന്നത്. 40 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 21 തസ്തികയാണുള്ളത്. ഇതില്‍ പതിനൊന്ന് ഡോക്ടര്‍മാരേ നിലവിലുള്ളൂ. സ്പെഷാലിറ്റി അടക്കം 11 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഗൈനക്കോളജി വിഭാഗം കഴിഞ്ഞ രണ്ടു മാസമായി പ്രവര്‍ത്തിക്കുന്നില്ല. സ്ഥിരമായി മൂന്നു പേരെങ്കിലും ഇല്ലാതെ ഇവിടെ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. ആയിരത്തോളം രോഗികള്‍ ദിവസവും എത്തുന്ന ആശുപത്രിയാണിത്. സംസ്ഥാന അതിര്‍ത്തിയായതിനാല്‍ കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും രോഗികള്‍ എത്തുന്നുണ്ട്. ഗൈനക്കോളജിയില്‍ ആളില്ലാത്തതിനാല്‍ ഗര്‍ഭിണികള്‍ ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമെല്ലാണ് ചികിത്സ തേടുന്നത്. ഐ.സി.യു പോലും പ്രവര്‍ത്തനക്ഷമമല്ലാതായിരിക്കുകയാണ്. കോടികള്‍ മുടക്കി പുതിയ ആശുപത്രി കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായിരിക്കുകയാണ്. ആദിവാസികളും സാധാരണക്കാരും കൂടാതെ ഇടത്തരക്കാരും ധാരാളം എത്തുന്ന ആശുപത്രിയില്‍ നാമമാത്രമായ ഡോക്ടര്‍മാരെക്കൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ സത്യഗ്രഹം നടത്തിയിരുന്നു. നടപടികളൊന്നുമാകാത്തതിനത്തെുടര്‍ന്നാണ് ഡോക്ടര്‍മാര്‍ തന്നെ സമരം ആരംഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.