മാനന്തവാടി: അപാകത പരിഹരിക്കാതെ 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കാന്‍ നീക്കം. 2016 ജൂലൈ 31നുള്ളില്‍ കരട് വിജ്ഞാപനം അച്ചടിക്കാന്‍ സര്‍ക്കാര്‍ പ്രസുകളില്‍ നല്‍കുന്നതിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ പഞ്ചായത്ത് ഡയറക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ഇതിന് ആവശ്യമായ രേഖകള്‍ അടിയന്തരമായി തയാറാക്കി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറാന്‍ പ്രാദേശികതല നിരീക്ഷണ സമിതി കണ്‍വീനര്‍മാരായ കൃഷി ഓഫിസര്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ അതത് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ തയാറാക്കിയ ഡാറ്റാബാങ്കില്‍ കടന്നുകൂടിയ അപാകതകള്‍ പരിഹരിക്കുന്നതിനായി സ്ഥല പരിശോധന നടത്തി 2008ല്‍ നിയമം നിലവില്‍വന്ന തീയതിക്കു മുമ്പ് നികത്തിയ നിലങ്ങളുടെ യഥാര്‍ഥ വിവരവും മേല്‍ തീയതിയില്‍ നെല്‍വയലായി നിലനിന്നിരുന്ന സ്ഥലങ്ങളുടെ വിവരവും രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇത് നടക്കാതായതോടെ ആഗസ്റ്റ് 31 വരെ വാക്കാല്‍ സമയം നീട്ടിനല്‍കുകയായിരുന്നു. നേരത്തേ വില്ളേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫിസര്‍ എന്നിവരുള്‍പ്പെട്ട പ്രാദേശിക സമിതിയായിരുന്നു ഡാറ്റാബാങ്ക് തയാറാക്കാനുണ്ടായിരുന്നത്. നിലവില്‍ ജില്ലയിലെ വെള്ളമുണ്ട, തൊണ്ടര്‍നാട് ഉള്‍പ്പെടെ ആറ് പഞ്ചായത്തുകള്‍ മാത്രമാണ് ഡാറ്റാബാങ്ക് പ്രസിദ്ധീകരണം പൂര്‍ത്തിയാക്കിയത്. ഏതാനും പഞ്ചായത്തുകള്‍ പ്രിന്‍റിങ് ജോലികള്‍ക്കായി കരടുരൂപം പ്രസുകളില്‍ നല്‍കിയിട്ടുമുണ്ട്. ഇതൊന്നും അപാകത തിരുത്തിയ ഡാറ്റാ ബാങ്കുകളല്ളെന്ന് ആരോപണമുണ്ട്. കൃഷി ഓഫിസര്‍മാരെ മാത്രം തെറ്റ് തിരുത്താന്‍ ഏല്‍പിച്ചതാണ് വിനയായത്. ജോലിഭാരംമൂലം ഇവര്‍ക്ക് ഡാറ്റാബാങ്ക് തുറന്നുനോക്കാന്‍ പോലും കഴിഞ്ഞിട്ടില്ളെന്നതാണ് വസ്തുത. കൃഷി ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയതോടെ പഞ്ചായത്തുകളും റവന്യൂ വകുപ്പും തിരുത്തലിന് സഹകരിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. 2008നു ശേഷം നികത്തിയ തണ്ണീര്‍ത്തടങ്ങളും നെല്‍പാടങ്ങളും ഉള്‍പ്പെടെ കൃഷിഭൂമിയുടെ ആധികാരിക രേഖയായി ഡാറ്റാബാങ്ക് തയാറാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇതിനായി നിരീക്ഷണ സമിതി ഫീല്‍ഡ് സര്‍വേയും കണക്കെടുപ്പും നടത്തിയാണ് രേഖകള്‍ തയാറാക്കി പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നല്‍കേണ്ടത്. ഇതില്‍ 2008നു ശേഷം നികത്തിയ പാടങ്ങള്‍ നിലമായും നേരത്തേ നികത്തിയ പാടങ്ങള്‍ തണ്ണീര്‍ത്തടമായും നിലവിലുണ്ടെന്നാണ് ആക്ഷേപം. വിവിധ തരത്തിലുള്ള സമ്മര്‍ദങ്ങളും അവിഹിത ഇടപെടലുകളുമാണ് ഇത്തരം അപാകതകള്‍ക്കിടയാക്കിയത്. ജില്ലയില്‍ കവുങ്ങു തോട്ടങ്ങളായി മാറിയ നെല്‍വയലുകള്‍ കരഭൂമിയായി രേഖപ്പെടുത്താനുള്ള ശ്രമങ്ങളും പലഭാഗങ്ങളില്‍നിന്നുമുണ്ടായിരുന്നു. ഇതെല്ലാം കാരണം കഴിഞ്ഞ എട്ടു വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത ഡാറ്റാബാങ്ക് കുറ്റമറ്റ രീതിയില്‍ പ്രസിദ്ധീകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളാണ് പാളുന്നത്. അപാകതയോടെ ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചാല്‍ നിലവിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാവുകയേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.