മാനന്തവാടി ബിവറേജ് സമരം; താക്കീതായി കലക്ടറേറ്റ് മാര്‍ച്ച്

കല്‍പറ്റ: ലോക ആദിവാസി ദിനത്തില്‍ കല്‍പറ്റ മാനന്തവാടി ബിവറേജിന് മുന്നില്‍ ആദിവാസി അമ്മമാര്‍ നടത്തുന്ന ബിവറേജ് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമതി, ദലിത് കൂട്ടായ്മ, ആദിവാസി ഗോത്ര മഹാസഭ ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍, വുമണ്‍ വോയ്സ്, കെ.എസ്.യു, ബി.എസ്.പി തുടങ്ങിയ രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കല്‍പറ്റ കലക്ടറേറ്റിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയായ വയനാടിനെ ലഹരിവിമുക്ത മേഖലയാക്കാന്‍ സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും അടിയന്തരമായി നടപടികള്‍ സ്വീകരിക്കുക, മാനന്തവാടി ബിവറേജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ മുഴുവന്‍ മദ്യഷാപ്പുകളും കള്ളുഷാപ്പുകളും അടച്ചുപൂട്ടുക, അതിര്‍ത്തി മേഖലയില്‍ മദ്യവ്യാപാരം അവസാനിപ്പിക്കുക, ആദിവാസി അമ്മമാര്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള കഞ്ചാവ്, മദ്യം, പാന്‍മസാല തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ ഒഴുക്ക് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുക, പുകയില വിരുദ്ധ നിയമങ്ങള്‍ ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കുക, വയനാട്ടിലെ എക്സൈസ് സംവിധാനം കാര്യക്ഷമമാക്കുക, ലഹരിവിപത്തിനെതിരെ ബോധവത്കരണം നടത്താന്‍ വനിതാ വളണ്ടിയര്‍മാരെ ആവശ്യത്തിന് നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. വയനാട്ടിലെ മദ്യഷാപ്പുകള്‍ ഉടനെ അടച്ചുപൂട്ടി ആദിവാസി സമൂഹത്തെ വംശനാശ ഭീഷണിയില്‍നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ മദ്യവിപത്തിന്‍െറ ദുരന്തങ്ങളില്‍ ഇരയായി ജീവിതം വഴിമുട്ടിയ ആദിവാസി സ്ത്രീകളെയും കുട്ടികളെയും കലക്ടറേറ്റ് ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ താമസിപ്പിക്കേണ്ടിവരുമെന്ന് മാര്‍ച്ച് മുന്നറിയിപ്പു നല്‍കി. കല്‍പറ്റ ഗവണ്‍മെന്‍റ് ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചിന് ഓമന ജോയി, രമേഷ് മുണ്ടേരി, മുകുന്ദന്‍, ചീങ്ങേരി അണ്ണന്‍ മടക്കിമല വി.ടി. കുമാര്‍ വാഴവറ്റ, ശാന്ത, അഫ്സല്‍ ചീരാന്ത്, വില്‍സണ്‍ കുളത്തിങ്കല്‍, ഹര്‍ഷല്‍ കോനാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജംഷീര്‍ പള്ളിവയല്‍, എന്‍. മണിയപ്പന്‍, പി.കെ. ചന്ദ്രന്‍, പി.കെ. രാധാകൃഷ്ണന്‍, മാക്കാ പയ്യംപള്ളി, രമേശ് കോയാലിപുര, സാം പി മാത്യു, മേഴ്സി ജോസ് എന്നിവര്‍ സംസാരിച്ചു. കെ.കെ. മുജീബ്റഹ്മാന്‍ സ്വാഗതവും സുലോചന രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.