പനമരം: പനമരം-കേണിച്ചിറ-ബത്തേരി റൂട്ടില്‍ രണ്ടും കല്‍പിച്ച് കെ.എസ്.ആര്‍.ടി.സി രംഗത്തിറങ്ങിയതോടെ നിസ്സഹായരായി സ്വകാര്യ ബസുകാര്‍. തര്‍ക്കങ്ങളും സമരങ്ങളും ആവര്‍ത്തിക്കുമ്പോള്‍ പ്രശ്നപരിഹാരം അകലുകയാണ്. ചൊവ്വാഴ്ച സ്വകാര്യ ബസുകാര്‍ വീണ്ടും സമരം തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സി 20 ബസുകളാണ് ഓടിച്ചത്. 23 സ്വകാര്യ ബസുകള്‍ക്കിടയിലേക്ക് 12 കെ.എസ്.ആര്‍.ടി.സി ബസുകള്‍ വന്നതോടെയാണ് റൂട്ടില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. സ്വകാര്യ ബസുകള്‍ക്ക് കലക്ഷന്‍ കുറഞ്ഞതോടെ മത്സരയോട്ടവും അടിപിടിയും പലതവണ നടന്നു. ഇതൊഴിവാക്കാനാണ് രണ്ടു മാസം മുമ്പ് കേണിച്ചിറയില്‍ പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ച് സമയപരിശോധന തുടങ്ങിയത്. എന്നിട്ടും വൈകിയോട്ടത്തിന് ഒരു കുറവും ഉണ്ടായില്ല. ബസ്യാത്ര ചെയ്യാന്‍ ജനത്തിന് ജീവന്‍ പണയപ്പെടുത്തേണ്ട അവസ്ഥയുണ്ടായി. 23 സ്വകാര്യ ബസുകളിലായി 150ഓളം തൊഴിലാളികളാണുള്ളത്. പലപ്പോഴായി ബസ് ജോലിക്കായി എത്തിപ്പെട്ടവര്‍ക്ക് പെട്ടെന്നൊരു സാഹചര്യത്തില്‍ പണി നഷ്ടപ്പെടുന്ന അനിശ്ചിതാവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. സ്വകാര്യ ബസുകാര്‍ സമരം പ്രഖ്യാപിക്കുമ്പോഴൊക്കെ ഇക്കാര്യമാണ് ഊന്നിപ്പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി കൊടുക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കത്തെുന്നവര്‍ക്കാകുന്നുമില്ല. തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ ഫലപ്രദമായ നടപടി ഉണ്ടാകാത്ത അവസ്ഥയില്‍ ഇനിയും പ്രശ്നങ്ങള്‍ തുടരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടു പതിറ്റാണ്ട് മുമ്പ് കെ.എസ്.ആര്‍.ടി.സി ഏറെ ഓടിയിരുന്ന റൂട്ടാണ് പനമരം-നടവയല്‍-കേണിച്ചിറ-ബത്തേരി. കെ.എസ്.ആര്‍.ടി.സി അധികാരികളുടെ അനാസ്ഥകൊണ്ടാണ് ബസുകള്‍ ഓരോന്നായി പിന്‍വലിക്കപ്പെട്ടത്. സ്വാഭാവികമായും റൂട്ടില്‍ സ്വകാര്യ ബസുകള്‍ കടന്നുവരാന്‍ തുടങ്ങി. ബസുകളുടെ എണ്ണം 20ന് മേലെയായിട്ടും കെ.എസ്.ആര്‍.ടി.സി അധികാരികള്‍ക്ക് തങ്ങളുടെ പഴയ കുത്തക റൂട്ടിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നില്ല. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി ഭാഗ്യപരീക്ഷണത്തിന് സ്വകാര്യ വ്യക്തികളെ പ്രേരിപ്പിച്ചതും കെ.എസ്.ആര്‍.ടി.സിയുടെ ഈ നിസ്സംഗ മനോഭാവമാണ്. കേണിച്ചിറയിലും നടവയലിലും യാത്രക്കാരുടെ സംഘടന ശക്തമാണ്. കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കാന്‍ അവര്‍ ഹൈകോടതിയില്‍വരെ പോയി. അതിനാല്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വിചാരിച്ചാലും റൂട്ടില്‍നിന്ന് പെട്ടെന്നൊരു പിന്മാറ്റം ഇനി സാധ്യമല്ല. കെ.എസ്.ആര്‍.ടി.സി നിലനിന്നാല്‍ നഷ്ടത്തിന്‍െറ പേരില്‍ സ്വകാര്യ ബസുകളും ഓടാന്‍ സാധ്യതയില്ല. അതിനാല്‍ റൂട്ടില്‍ എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ യാത്രക്കാരും ഇപ്പോള്‍ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.