ചോയിക്കോളനിക്കാര്‍ക്ക് ചോരുന്ന കൂരകളില്‍ നരകജീവിതം

മുട്ടില്‍: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാരുടെ ഭവന നിര്‍മാണ രംഗത്തെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് കൈപ്പാണിമൂല പരിയാരംവയല്‍ ചോയിക്കോളനി. ആകെ ഒമ്പതു കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ ഒരു കുടുംബത്തിനുപോലും അടച്ചുറപ്പുള്ളൊരു കൂരയില്ല. കരാറുകാര്‍ തറ മാത്രം പണിത് നിര്‍മാണം ഇട്ടേച്ചുപോയിട്ട് ഒരു വര്‍ഷത്തിലധികം പിന്നിടുമ്പോഴും ഇവര്‍ക്ക് കയറിക്കിടക്കാന്‍ എന്നെങ്കിലും വീടു ലഭിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. മുട്ടില്‍ പഞ്ചായത്ത് ഓഫിസില്‍നിന്ന് വിളിപ്പാടകലെയുള്ള കോളനിക്കാരാണ് മഴയിലും വെയിലിലും ദുരിതജീവിതം നയിക്കുന്നത്. അധികൃതരൊന്നും ഈ വഴിക്ക് തിരിഞ്ഞുപോലും നോക്കാത്തതിനാല്‍ പതിറ്റാണ്ടുകളായി ഇവരുടെ ജീവിതം ഇങ്ങനെയൊക്കത്തെന്നെയാണ്. മൊത്തമായി ഏകദേശം 15 സെന്‍റ് മാത്രമുള്ളതാണ് ഈ കോളനി. അടുത്തടുത്താണ് വീടുകളൊക്കെ. തറമാത്രം കെട്ടിയതും തറയില്‍നിന്ന് പകുതി ഭിത്തി കെട്ടിനിര്‍ത്തിയതുമായ അവസ്ഥയിലാണ് മിക്ക വീടുകളും. ഇതില്‍ സഹോദരങ്ങളായ രാമന്‍െറയും രാജന്‍െറയും കുടുംബങ്ങള്‍ താമസിക്കുന്നതിനെ കൂരയെന്നുപോലും വിളിക്കാനാവില്ല. നിര്‍മാണം തറയിലൊതുങ്ങിപ്പോയപ്പോള്‍ ഇതിനു മുകളില്‍ നായ്ക്കരിമ്പിന്‍െറ കമ്പുകളും കവുങ്ങിന്‍െറ ഓലയുമൊക്കെ ഉപയോഗിച്ച് തീര്‍ത്ത താല്‍ക്കാലിക സംവിധാനമാണിത്. കാലപ്പഴക്കം കൊണ്ട് ഓലയൊക്കെ ജീര്‍ണിച്ച് മഴവെള്ളം നേരെ കൂരക്കുള്ളില്‍ വീഴുന്ന അവസ്ഥയില്‍ പ്ളാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടുകയായിരുന്നു. ദ്വാരമുള്ള ഈ ഷീറ്റിനുള്ളിലൂടെയും ഷീറ്റ് എത്താത്ത ഭാഗങ്ങളിലൂടെയും മഴവെള്ളം കൂരക്കുള്ളില്‍ തന്നെയാണിപ്പോഴും. ആറുപേരാണ് പന്തലുപോലെ കെട്ടിയുണ്ടാക്കിയ ഈ സംവിധാനത്തില്‍ കഴിയുന്നത്. തൊട്ടടുത്ത് രാജന്‍െറ വീടിന്‍െറ അവസ്ഥയും ഇതുതന്നെ. രാജന്‍െറയും രാമന്‍െറയും തൊണ്ണൂറു കഴിഞ്ഞ മാതാവ് ഊലിയും കൊച്ചുകുഞ്ഞുങ്ങളുമടക്കം എട്ടുപേരാണ് ഈ താല്‍ക്കാലിക കൂരയില്‍ ജീവിതം തള്ളിനീക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ള പാതി അംഗങ്ങള്‍ക്ക് തണുപ്പും മഴയുമെല്ലാംകൊണ്ട് ഈ കൂരയുടെ വരാന്തയില്‍ അന്തിയുറങ്ങുകയേ നിവൃത്തിയുള്ളൂ. അയ്യപ്പന്‍െറ വീടിന്‍െറ ഭിത്തിനിര്‍മാണം പാതിയില്‍ നിലച്ച അവസ്ഥയിലാണ്. വീടിന്‍െറ തറ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലും. ഒരാഴ്ച മുമ്പുവരെ ഉള്‍വശം മുഴുവന്‍ കാടുവളര്‍ന്ന നിലയിലായിരുന്നു. ഒരു കമ്പി മാത്രമിട്ട് വാര്‍ത്താണ് ഫൗണ്ടേഷന്‍ തീര്‍ത്തിരിക്കുന്നത്. ഇപ്പോള്‍ മറ്റൊരു രക്ഷയുമില്ലാത്തതിനാല്‍ കാടു ചത്തെിമാറ്റി, നായ്ക്കരിമ്പിന്‍െറ വടി കെട്ടി മേല്‍ക്കൂരയൊരുക്കി പ്ളാസ്റ്റിക് ഷീറ്റിട്ട് ‘ഗൃഹപ്രവേശം’ നടത്താനുള്ള ഒരുക്കത്തിലാണിവര്‍. ഇതുപോലെ മേല്‍ക്കൂരയൊന്നുമില്ലാത്ത മറ്റൊരു വീടും പ്ളാസ്റ്റിക് ഷീറ്റ് വിരിച്ചാണ് താമസത്തിന് താല്‍ക്കാലികമായെങ്കിലും സജ്ജമാക്കിയത്. നിന്നു തിരിയാന്‍പോലും ഇടമില്ലാത്ത ഈ കോളനിയില്‍ ചോരാത്ത ഒരു വീടുപോലുമില്ളെന്ന് കോളനിയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ കൈപ്പ പറയുന്നു. ഇവിടെ കൂരകള്‍ക്കു പകരം ഇത്രയും കുടുംബങ്ങള്‍ക്കായി ഫ്ളാറ്റ് നിര്‍മിച്ചു നല്‍കിയാല്‍ മതിയെന്നും കോളനിവാസികള്‍ ചിലര്‍ അഭിപ്രായപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.