സുല്‍ത്താന്‍ ബത്തേരി: പനമരം-മാനന്തവാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്നു. ദിവസവും 1500 രൂപയോളം നഷ്ടത്തിലാണ് സര്‍വിസ് നടത്തുന്നതെന്നും ഈ രീതിയില്‍ തുടര്‍ന്നും സര്‍വിസ് നടത്താന്‍ സാധിക്കാത്തതിനാലാണ് നിര്‍ത്തിവെക്കുന്നതെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഒന്നരവര്‍ഷം മുമ്പാണ് സ്വകാര്യ ബസുകള്‍ മാത്രം സര്‍വിസ് നടത്തിയിരുന്ന റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിച്ചത്. തുടക്കത്തില്‍ രണ്ടും പിന്നീട് അഞ്ചും ബസുകള്‍ സര്‍വിസ് നടത്തി. ഇപ്പോള്‍ 12 ബസുകളാണ് സര്‍വിസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിച്ചതു മുതല്‍ റൂട്ടില്‍ പ്രശ്നങ്ങളും ആരംഭിച്ചു. മത്സര ഓട്ടമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. വീതി കുറഞ്ഞ റോഡിലൂടെ ചീറിപ്പായാന്‍ തുടങ്ങിയതോടെ ബസുകള്‍ പരസ്പരം ഉരസുന്നത് പതിവായി. കാല്‍ നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും മത്സര ഓട്ടം ഭീഷണിയായി. ഇതത്തെുടര്‍ന്ന് നാട്ടുകാര്‍ ബസുകള്‍ തടയാന്‍ തുടങ്ങി. ബസ് ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളിയും പതിവായി. ഒരുമാസം മുമ്പ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ സാബുവിനെ സ്വകാര്യ ബസ് ജീവനക്കാരനായ രതീഷ് മര്‍ദിക്കുകയും ഇയാളെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതത്തെുടര്‍ന്ന് ജില്ലയില്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചെങ്കിലും രണ്ട് ദിവസത്തിനുശേഷം പിന്‍വലിച്ചു. നിരവധി തവണ കലക്ടറുടെയും ആര്‍.ടി.ഒയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനായില്ല. കലക്ഷന്‍ കുറഞ്ഞതോടെ സ്വകാര്യ ബസുടമകള്‍ സൊസൈറ്റി രൂപവത്കരിച്ച് പണം വീതിച്ചെടുക്കാന്‍ തുടങ്ങിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ മൂന്ന് ബസുകള്‍ സര്‍വിസ് നിര്‍ത്തി. 75 ട്രിപ്പാണ് സ്വകാര്യ ബസുകള്‍ നടത്തുന്നത്. 150 ഓളം ജീവനക്കാര്‍ ഈ റൂട്ടിലെ ബസുകളില്‍ പണിയെടുക്കുന്നുണ്ട്. ഈ മാസം ഒന്നാം തീയതി മുതല്‍ ബസുകള്‍ ഓട്ടം നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം. കലക്ടറെ കാണുകയും വിവരം അറിയിക്കുകയും ചെയ്തു. പ്രശ്നപരിഹാരത്തിന് എ.ഡി.എമ്മിനേയും ആര്‍.ടി.ഒയെയും ചുമതലപ്പെടുത്തിയെന്ന് കലക്ടര്‍ അറിയിച്ചു. എന്നാല്‍, നടപടിയൊന്നുമായില്ളെന്ന് സ്വകാര്യ ബസുടമകള്‍ പറഞ്ഞു. അതേസമയം, സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നതോടെ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.