ക്ഷേമ പെന്‍ഷന്‍: ബാങ്ക് കയറിയിറങ്ങി വയോധികരും വികലാംഗരും വലയുന്നു

സുല്‍ത്താന്‍ ബത്തേരി: ക്ഷേമ പെന്‍ഷനുകള്‍ വന്നോ എന്നറിയുന്നതിന് ബാങ്കുകള്‍ കയറിയിറങ്ങി വലയുകയാണ് പ്രായാധിക്യം വന്നവരും വികലാംഗകരും. മുമ്പ് വീടുകളില്‍ എത്തിച്ചിരുന്ന പെന്‍ഷനുകള്‍ ഇപ്പോള്‍ ബാങ്കുകളില്‍ പോയി വാങ്ങേണ്ട അവസ്ഥയാണ്. അതേസമയം, ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ തുക എത്തിയോ എന്നറിയുന്നതിന് ഒരു നിര്‍വാഹവുമില്ല. ഇതിനായി ബാങ്കുകളില്‍ പോയി അന്വേഷിക്കുക മാത്രമാണ് പോംവഴി. ചിലപ്പോള്‍ മൂന്നും നാലും തവണ ബാങ്കുകള്‍ കയറി ഇറങ്ങണം. പലരുടെയും വീടുകളില്‍നിന്ന് ഏറെ ദൂരെയായിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഓട്ടോ വിളിച്ചും മറ്റും മൂന്നു-നാല് തവണ പോയശേഷം പെന്‍ഷന്‍ ലഭിക്കുമ്പോഴേക്കും കിട്ടിയ തുക മുഴുവന്‍ തീര്‍ന്നിരിക്കും. ബാങ്ക് വഴിയുള്ള വിതരണം ഗുണഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടായതോടെ കാര്യങ്ങള്‍ പഠിക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ചു. പെന്‍ഷന്‍ ലഭിക്കുന്നവരുടെ വീടുകളിലത്തെി ഏതു രീതിയിലാണ് പെന്‍ഷന്‍ വിതരണം ചെയ്യേണ്ടതെന്നുള്ള സര്‍വേയാണ് നടത്തുന്നത്. സര്‍വേ പൂര്‍ത്തിയാക്കിയ ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാണ് നീക്കം. നിരവധി അപാകതകള്‍ വന്നതോടെയാണ് പോസ്റ്റ് ഓഫിസ് വഴിയുള്ള പെന്‍ഷന്‍ വിതരണം അവസാനിപ്പിച്ച് ബാങ്ക് വഴിയാക്കിയത്. ഒരാള്‍ക്കുതന്നെ രണ്ടുതവണ ലഭിക്കുകയും മരിച്ചുപോയവരുടെ പേരില്‍ വീണ്ടും വരുകയുമെല്ലാം ചെയ്യുന്നത് പതിവായതോടെ പോസ്റ്റോഫിസ് വഴിയുള്ള പെന്‍ഷന്‍ വിതരണം നിര്‍ത്തുകയായിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചാണ് ബാങ്ക് വഴിയുള്ള വിതരണം നടപ്പാക്കുക എന്നാണ് പദ്ധതി ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചത്. അക്കൗണ്ടില്‍ പണം എത്തിയാല്‍ മൊബൈല്‍ ഫോണിലേക്ക് മെസേജ് വരുമെന്നും എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, പെന്‍ഷന്‍ വന്നത് അറിയിച്ചുള്ള മെസേജുകളൊന്നും ഗുണഭോക്താക്കള്‍ക്ക് വരുന്നില്ല. വന്നാല്‍തന്നെ ആദിവാസികള്‍ക്കും പ്രായമായവര്‍ക്കും മെസേജ് വായിച്ച് മനസ്സിലാക്കാന്‍ സാധിക്കാറുമില്ല. ഇതോടെ, ബാങ്കില്‍ ചെന്ന് അന്വേഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും സാധിക്കാത്ത രീതിയില്‍ അവശരായവര്‍ക്ക് ബാങ്കുകളില്‍ പോയി പെന്‍ഷന്‍ എത്തിയോ എന്നന്വേഷിക്കുന്നതിന് പലപ്പോഴും സാധിക്കാറില്ല. മറ്റാരുടെയങ്കിലും സഹായത്തോടെയാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഈ സാഹചര്യത്തില്‍, പെന്‍ഷന്‍ തുക വീടുകളിലത്തെിക്കണമെന്ന് ശക്തമായ ആവശ്യമുയരുന്നുണ്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.