വയനാടിന് വേണ്ടത് പരിസ്ഥിതി സൗഹൃദ വികസനം –കലക്ടര്‍

വൈത്തിരി: രാജ്യത്തെ പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നായാണ് പൊതുവെ എണ്ണപ്പെടുന്നതെങ്കിലും ജൈവ വൈവിധ്യത്തിലും കാലാവസ്ഥയിലും വന്യജീവികളുടെ സമ്പുഷ്ടതയിലും വയനാട് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശമാണെന്ന് കലക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. ജില്ലയില്‍ അടുത്തകാലത്ത് നടക്കുന്ന വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും വികസനവും പരിസ്ഥിതി സൗഹൃദമായി രൂപപ്പെടുത്തിയാലേ വയനാടിന് ഭാവിയില്‍ പുരോഗതി കൈവരിക്കാനാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് ജില്ലാ പക്ഷി ഭൂപട നിര്‍മാണവുമായി ബന്ധപ്പെട്ട ഹ്യൂം സെന്‍റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്ലൈഫ് ബയോളജി, സോഷ്യല്‍ ഫോറസ്ട്രി വയനാട് ജില്ലാ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്സിറ്റിയില്‍ നടന്ന ജില്ലാതല ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറ്ററിനറി ആനിമല്‍ സയന്‍സ് കോളജ് ഡീന്‍ പ്രഫ. വിജയകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആഗോളതാപനം വന്‍തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നത് നിലനില്‍പിനെ അപകടപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷിഭൂപട നിര്‍മാണത്തിന്‍െറ ഭാഗമായുള്ള വിവരങ്ങള്‍ വ്യത്യസ്ത ഇനത്തില്‍പെട്ട പക്ഷികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങാകുമെന്ന് നോര്‍ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി അഭിപ്രായപ്പെട്ടു. സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രീയമായ പഠന പ്രക്രിയയായി പങ്കാളികളാക്കാന്‍ പക്ഷിഭൂപടം എന്ന ജനകീയ ശാസ്ത്ര പരിപാടി സഹായിച്ചെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.കെ. വിഷ്ണുദാസ് പറഞ്ഞു. സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ ഷജ്ന കരീം സ്വാഗതം പറഞ്ഞു. അഖില മോഹന്‍, ഡോ. ആര്‍.എന്‍. രതീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പക്ഷിഭൂപടം നിര്‍മാണത്തില്‍ പങ്കാളികളായ പക്ഷിനിരീക്ഷകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 300ഓളം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. വയനാടിന്‍െറ പരിസ്ഥിതി വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് കേശവേന്ദ്രകുമാറിന് ഹ്യൂം സെന്‍റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, നല്‍കുന്ന മെമന്‍േറാ ഡോ. വിജയകുമാര്‍ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.