ഡിഫ്തീരിയ : ബത്തേരി വീണ്ടും ഭീതിയില്‍

സുല്‍ത്താന്‍ ബത്തേരി: നെന്മേനിയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ ബത്തേരി വീണ്ടും ഭീതിയിലായി. പത്ത് വയസ്സുകാരനാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ബത്തേരി താലൂക്കില്‍ കുരങ്ങുപനി പടര്‍ന്നുപിടിക്കുകയും നിരവധി ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു. പിന്നീട് കാര്യക്ഷമമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ കുരങ്ങുപനിയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. എന്നാല്‍, ഡിഫ്തീരിയ ഉണ്ടെന്ന് വ്യക്തമായത് വീണ്ടും ഭീതി പരത്തിയിരിക്കുന്നു. ചെതലയത്തുനിന്ന് രോഗലക്ഷണങ്ങളുമായി എത്തിയ ഒരാള്‍ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നിര്‍ദേശിച്ചിരുന്നു. ചെതലയത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ഇയാള്‍ക്ക് ഡിഫ്തീരിയ ഇല്ളെന്ന് പിന്നീട് കണ്ടത്തെി. നെന്മേനിയില്‍ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ പരിശോധനക്ക് വിധേയരാക്കി. കുട്ടി പഠിക്കുന്ന സ്കൂളിലും സംഘം സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തി. മണിപ്പാല്‍ യൂനിവേഴ്സിറ്റി വൈറോളജി വിഭാഗത്തിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. അതേസമയം, ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ദിവസവും ആയിരത്തോളം രോഗികളാണ് ആശുപത്രിയില്‍ എത്തുന്നത്. ഡോക്ടര്‍മാര്‍ക്ക് കാര്യക്ഷമമായ രീതിയില്‍ പരിശോധിക്കാന്‍ സാധിക്കാതെ വരുന്നു. ഡിഫ്തീരിയ പോലുള്ള സാംക്രമിക രോഗങ്ങള്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് ബത്തേരിയില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. രോഗം സ്ഥിരീകരിച്ചതോടെ തൊണ്ടവേദനയുമായി എത്തുന്ന എല്ലാവരേയും വിശദമായി പരിശോധിക്കുന്നുണ്ട്. മറ്റു കുട്ടികള്‍ക്കും രോഗം പകര്‍ന്നിട്ടുണ്ടോ എന്നും പരിശോധന നടത്തിവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.