വനസമ്പത്ത് പുനരുജ്ജീവിപ്പിക്കല്‍ പദ്ധതിക്ക് തുടക്കം

മാനന്തവാടി: തിരുനെല്ലിയില്‍ കാട്ടുതീയെ തുടര്‍ന്ന് നശിച്ച വനസമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കുടുംബശ്രീ പദ്ധതിക്ക് തുടക്കമായി. പൊലിവ് പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്തും കുടുംബശ്രീയും വനം വകുപ്പുമായി സഹകരിച്ച് അപ്പപ്പാറ സെക്ഷനിലെ കാരമാട് കോട്ടിയൂര്‍ മേഖലകളില്‍ 1000 മുളത്തൈകളും 2000 ഫല-വൃഷത്തൈകളും നട്ട് പരിപാലിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. വിവിധയിനം വൃക്ഷങ്ങളുടെ ആയിരക്കണക്കിന് വിത്തുകള്‍ ഈ പ്രദേശത്ത് വിതക്കുകയും ചെയ്യും. പ്രദേശത്തിന്‍െറ സന്തുലിത ആവാസവ്യവസ്ഥ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൈകളുടെ തുടര്‍സംരക്ഷണം കുടുംബശ്രീ പ്രവര്‍ത്തകരുടെ ചുമതലയില്‍ നടക്കും. തൊഴിലുറപ്പ് പദ്ധതിയും പ്രയോജനപ്പെടുത്തും. തിരുനെല്ലി സി.ഡി.എസിന് കീഴിലുള്ള രണ്ട്, നാല് വാര്‍ഡുകളില്‍പ്പെട്ട എ.ഡി.എസ്, അയല്‍ക്കൂട്ടം ഭാരവാഹികള്‍ക്കാണ് സംരക്ഷണ ചുമതല. 2014ല്‍ അനിയന്ത്രിതമായ കാട്ടുതീ മൂലം ഈ പ്രദേശത്തെ വനസമ്പത്ത് വന്‍തോതില്‍ നശിക്കുകയും നിരവധി വന്യമൃഗങ്ങളും ഉരഗജീവികളും കത്തിച്ചാമ്പലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് തിരുനെല്ലി പഞ്ചായത്തില്‍ രൂക്ഷമായ ജലക്ഷാമവും നേരിട്ടിരുന്നു. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തും വനംവകുപ്പും കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതിക്ക് രൂപം നല്‍കിയത്. മൂന്നുവര്‍ഷത്തെ പദ്ധതിയില്‍ 10,000ത്തോളം തൈകള്‍ നട്ട് സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം അപ്പപ്പാറയില്‍ ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് മായാദേവി അധ്യക്ഷത വഹിച്ചു. പി.വി. ബാലകൃഷ്ണന്‍, കെ. അനന്തന്‍ നമ്പ്യാര്‍, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍, നോര്‍ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, ബേഗുര്‍ റെയ്ഞ്ചര്‍ നജ്മല്‍ അമീന്‍, സി.ഡി.എസ് ചെയര്‍പേഴ്സന്‍ അജിത നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.