കല്‍പറ്റ: പടിയിറങ്ങുന്നത് വയനാടിന്‍െറ മണ്ണിനെയും മനസ്സിനെയും സ്നേഹിച്ച കലക്ടര്‍. ജില്ലയുടെ നിലനില്‍പിനുവേണ്ടി ധീരമായ നിലപാടെടുക്കുകയും ജനപക്ഷത്തു നിലയുറപ്പിക്കുകയും ചെയ്ത കേശവേന്ദ്രകുമാര്‍ രണ്ടു വര്‍ഷത്തിലേറെ കലക്ടറായി പ്രവര്‍ത്തിച്ചത് ഈ മണ്ണിനോട് ഇഴുകിച്ചേര്‍ന്നായിരുന്നു. മുഴുവന്‍ ജനങ്ങള്‍ക്കും പ്രാപ്യനായിരുന്ന അദ്ദേഹം, വയനാടിന്‍െറ പച്ചപ്പിനെ സംരക്ഷിക്കാനെടുത്ത നടപടികള്‍ കൊണ്ടാവും ഈ നാട് അദ്ദേഹത്തെ ഓര്‍ക്കുന്നത്. അധികാര കേന്ദ്രങ്ങളുടെ സ്വാധീനം കരുത്താക്കി റിയല്‍ എസ്റ്റേറ്റ് മാഫിയ ചുരത്തിനു മുകളില്‍ കാടും കുന്നും വെട്ടിത്തെളിച്ച് ലക്കും ലഗാനുമില്ലാതെ കോണ്‍ക്രീറ്റ് സമുച്ചയങ്ങള്‍ നിര്‍ബാധം കെട്ടിപ്പൊക്കുന്ന വേളയില്‍ കേശവേന്ദ്രകുമാര്‍ എടുത്ത നിലപാട് ദേശീയതലത്തില്‍തന്നെ ശ്രദ്ധനേടി. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ കെട്ടിട നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ നാടിന്‍െറ നിലനില്‍പിലേക്ക് ധീരമായ പ്രഖ്യാപനം നടത്തുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ്-റിസോര്‍ട്ട് മാഫിയയെ പിന്തുണക്കുന്ന ജനപ്രതിനിധികളടക്കമുള്ളവര്‍ തുടക്കത്തില്‍ എതിര്‍പ്പുമായി രംഗത്തുവന്നെങ്കിലും വയനാടന്‍ ജനതയും മാധ്യമങ്ങളും കലക്ടര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയതോടെ തീരുമാനം നടപ്പായി. എന്നാല്‍, കോടതിവിധിയുടെ പിന്‍ബലത്തില്‍ വയനാടിന്‍െറ പച്ചപ്പ് വെട്ടിമാറ്റാനുള്ള നീക്കങ്ങള്‍ വീണ്ടും തലപൊക്കുമ്പോഴാണ് ജനകീയ കലക്ടര്‍ ചുരമിറങ്ങിപ്പോകുന്നത്.വിപ്ളവകരമായ ഈ നിലപാടിനുശേഷം ഓര്‍മമരം പദ്ധതിയുമായി കേശവേന്ദ്രകുമാര്‍ രംഗത്തുവന്നു. തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കന്നിവോട്ടു ചെയ്യുന്നവര്‍ക്കും 70 വയസ്സിനു മുകളിലുള്ളവര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതി രാജ്യം അംഗീകരിച്ചു. രാജ്യവ്യാപകമായി ഇതു നടപ്പാക്കാനുള്ള നീക്കങ്ങളാണിപ്പോള്‍ നടക്കുന്നത്. ജില്ലയില്‍ പതിറ്റാണ്ടുകളായി പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസികളുടെ പ്രശ്നങ്ങളില്‍ സഹാനുഭൂതിയോടെയായിരുന്നു കലക്ടറുടെ സമീപനം. കോളനി മിത്രം പരിപാടി ആവിഷ്കരിച്ച അദ്ദേഹം, ജില്ലയിലുടനീളമുള്ള കോളനികളില്‍ സന്ദര്‍ശനം നടത്തി. വയനാട് കാത്തുകാത്തിരിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിഷയത്തിലടക്കം ഏറെ അനുകൂലമായിരുന്നു അദ്ദേഹത്തിന്‍െറ നീക്കങ്ങള്‍. സമയപരിധിയില്ലാതെ ജോലി ചെയ്യാന്‍ സന്നദ്ധത കാട്ടിയ അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളില്‍ വയനാട്ടില്‍ കടന്നുചെല്ലാത്ത പ്രദേശങ്ങള്‍ ഇല്ളെന്നുതന്നെ പറയാം. ഇതൊക്കെ ചെയ്യുമ്പോഴും പബ്ളിസിറ്റിക്കുവേണ്ടി അദ്ദേഹം ഗിമ്മിക്കുകളൊന്നും കാട്ടിയിരുന്നില്ല. മലയാളം പഠിച്ചെടുക്കാന്‍ ഏറെ താല്‍പര്യം കാട്ടിയതിനൊപ്പം, എല്ലാവരോടും മലയാളത്തില്‍ സംവദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൈയേറ്റക്കാരില്‍നിന്ന് ഈ നാടിനെ രക്ഷിക്കാന്‍ ജാഗരൂകനായിരുന്ന കലക്ടര്‍ തിരിച്ചുപോകുമ്പോള്‍ വയനാടിന് ആശങ്കകളേറെയുണ്ട്. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം. കേശവേന്ദ്രകുമാര്‍ പത്താം ക്ളാസിനുശേഷം റെയില്‍വേയില്‍ പ്ളസ് ടുവിന് തുല്യമായ വൊക്കേഷനല്‍ കോഴ്സിന് ചേര്‍ന്നു. അതിനുശേഷം റെയില്‍വേയില്‍ ബുക്കിങ് ക്ളാര്‍ക്കായി ജോലിയില്‍. ഇഗ്നുവില്‍ വിദൂര വിദ്യാഭ്യാസ പദ്ധതി വഴി പഠനം തുടരുകയായിരുന്നു. റെയില്‍വേയിലെ ജോലിയും ഇഗ്നുവിലെ പഠനവും തുടരുന്ന സമയത്ത്, 2008ല്‍ കേശവേന്ദ്ര കുമാര്‍, അദ്ദേഹത്തിന്‍െറ 22ാം വയസ്സില്‍ ആദ്യശ്രമത്തില്‍ തന്നെ ഐ.എ.എസ് പരീക്ഷയില്‍ 45ാം റാങ്ക് നേടി. ഇഗ്നുവിന്‍െറ 27 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അവരുടെ ഒരു വിദ്യാര്‍ഥി ഐ.എ.എസ്. പാസാകുന്നത്. പിന്നീട് കേരളത്തിലത്തെി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായി സേവനമനുഷ്ഠിക്കവെ, സമരം ചെയ്ത കെ.എസ്.യു പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍െറ ദേഹത്ത് കരിഓയില്‍ ഒഴിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വയനാട്ടിലത്തെിത്. പച്ചമനുഷ്യനായി ഇവിടത്തുകാര്‍ക്കൊപ്പം ജീവിച്ച സൗമ്യനായ ഈ 31കാരന്‍ വയനാട്ടുകാരുടെ മുഴുവന്‍ സ്നേഹവുംനേടിയാണ് തിരിച്ചുപോകുന്നത്. വയനാട് ജില്ലയില്‍ മൂന്നു ദിവസമായി സന്ദര്‍ശനത്തിനത്തെിയ ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് കലക്ടറേറ്റിലെ എ.പി.ജെ. അബ്ദുല്‍കലാം ഹാളില്‍ ജനങ്ങളുടെ പരാതി സ്വീകരിക്കുന്ന തിരക്കിനൊപ്പമായിരുന്നു ബുധനാഴ്ച കേശവേന്ദ്രകുമാര്‍. ഇതിനിടയിലാണ് സ്ഥലംമാറ്റ വാര്‍ത്തയത്തെിയത്. ഇക്കാര്യമൊന്നുമറിയാതെ വാര്‍ത്താസമ്മേളനത്തിനിടെ കലക്ടറുടെ ആത്മാര്‍ഥതയെയും ആവേശത്തെയും ജസ്റ്റിസ് സിറിയക് ജോസഫ് പ്രശംസകൊണ്ടു മൂടുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.