കല്‍പറ്റ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് പാഴാക്കിക്കളയരുതെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം കുറവാണ്. ജനങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി പണം വിനിയോഗിക്കാതെ ലാപ്സാക്കിക്കളയുന്നത് നീതീകരിക്കാനാവില്ല. പദ്ധതി നിര്‍വഹണത്തില്‍ അലസത കാണിച്ച് സാമ്പത്തിക വര്‍ഷാവസാനം വന്‍തോതില്‍ ഫണ്ട് ചെലവഴിക്കുന്ന പ്രവണത അവസാനിപ്പിക്കണം. നൂല്‍പ്പുഴ പഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍ കോളനി വൈദ്യുതീകരണത്തിന് വനംവകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന പരാതിയില്‍ മുഴുവന്‍ രേഖകളുമായി വനംവകുപ്പ് ഉദ്യോഗസ്ഥരോട് ബുധനാഴ്ച കമീഷനുമുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ആദിവാസി വികസന- ക്ഷേമ പദ്ധതികള്‍ തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കമീഷന്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ അവിവാഹിത അമ്മമാരുടെയും ആദിവാസി വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കമീഷനംഗം ജസ്റ്റിസ് സിറിയക് ജോസഫിന്‍െറ നേതൃത്വത്തിലുള്ള സംഘം കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കു ശേഷം നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ആദിവാസി വിഭാഗത്തിന് യഥാസമയം നീതി ലഭിക്കണം. രാഷ്ട്രീയമായോ മറ്റോ ഉള്ള നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഇതിന് വിലങ്ങുതടിയാവരുത്. ഗോത്ര വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച അറിവില്ലായ്മയാണ് ഇവര്‍ ചൂഷണം ചെയ്യപ്പെടാന്‍ കാരണം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ച് മാനദണ്ഡപ്രകാരം പദ്ധതി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ¤േകാളനികളില്‍ രാത്രി പുറത്തുനിന്നുള്ള ആളുകള്‍ വരുന്നത് നിയന്ത്രിക്കുന്നതിന് ഊരുകൂട്ടത്തിന്‍െറ അഭിപ്രായപ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പണി പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അവസാന ഗഡു നല്‍കുന്നതിന് വി.ഇ.ഒ, ബി.ഡി.ഒ എന്നിവരെയും വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് കെ.എസ്.ഇ.ബി അസി. എന്‍ജിനീയറെയും ചുമതലപ്പെടുത്തി. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, ഡോ. സഞ്ജയ് ദുബേ, ഡയറക്ടര്‍ ഇന്ദ്രജിത്ത് കുമാര്‍, അസി. രജിസ്ട്രാര്‍ മഹാബീര്‍ സിങ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, സബ് കലക്ടര്‍ വി. സാംബശിവറാവു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.