യാത്രക്കാര്‍ക്ക് ദുരിതമായി റോഡരികില്‍ മദ്യപാനികളുടെ സുഖനിദ്ര

വെള്ളമുണ്ട: മദ്യപിച്ച് ലക്കുകെട്ട് റോഡരികില്‍ കിടന്നുറങ്ങുന്ന മദ്യപാനികള്‍ വാഹന യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. രാത്രിയാകുന്നതോടെ പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലും മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങുന്നവര്‍ പതിവു കാഴ്ചയായിട്ടുണ്ട്. വാറ്റ് ചാരായവും കഞ്ചാവും മറ്റ് മാരക ലഹരിവസ്തുക്കളും ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ട് റോഡില്‍ വീഴുന്നവര്‍ മയക്കത്തിനിടയില്‍ ഉരുണ്ട് റോഡിലേക്ക് എത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ദേശീയ പാതയിലടക്കം മദ്യപാനികളുടെ വിളയാട്ടം വര്‍ധിച്ചിട്ടുണ്ട്. രാത്രി സമയത്ത് നല്ല വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ റോഡരികില്‍ കിടക്കുന്ന മദ്യപാനികളെ പലപ്പോഴും കാണാറില്ല. ശ്രദ്ധയൊന്ന് പാളിയാല്‍ ജീവന്‍തന്നെ അപകടത്തിലാകും. കഴിഞ്ഞദിവസം നിരവില്‍പുഴ-കുറ്റ്യാടി റോഡില്‍ റോഡരികില്‍ കിടന്നിരുന്ന മദ്യപാനി ലോറിയുടെ മുന്നില്‍ പെട്ടിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇവരെ അധികൃതരും ഗൗനിക്കുന്നില്ല. കഴിഞ്ഞ ദിവസം നിരവില്‍പുഴയിലെ ഗോത്രവര്‍ഗ യുവാവ് വീടിനടുത്ത തോട്ടില്‍വീണ് മരിച്ചിരുന്നു. പടിഞ്ഞാറത്തറ മഞ്ഞൂറ റോഡില്‍ ഒരാഴ്ച മുമ്പ് മദ്യപാനി ബൈക്കിന് മുന്നില്‍ചാടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അപകടത്തില്‍പെട്ടിരുന്നു. കുറ്റ്യാടി ചുരത്തിലടക്കം അനധികൃത മദ്യവില്‍പനയും ഉപയോഗവും വര്‍ധിച്ചതാണ് മദ്യപാനികള്‍ റോഡില്‍ കിടക്കുന്നത് വര്‍ധിക്കാനിടയാക്കിയത്. രാത്രി സമയത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.