ചൂഷണങ്ങള്‍ക്കിരയായി പാമ്പള കോളനി

ചുള്ളിയോട്: സ്ത്രീ-പുരുഷ ഭേദമന്യേ മദ്യലഹരിയിലാണ് കരടിപ്പാറ പാമ്പള പണിയ കോളനിയിലെ ആദിവാസികള്‍. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മദ്യത്തിനടിമകളാകുകയാണ്. എല്ലാത്തരം ചൂഷണങ്ങള്‍ക്കും ഇവര്‍ ഇരയായിക്കൊണ്ടിരിക്കുന്നു. മദ്യം വാങ്ങിക്കൊടുത്ത് ലൈംഗികമായി ഇവരെ ഉപയോഗിക്കുന്നതിന് പല സ്ഥലത്തുനിന്നും ആളുകള്‍ എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അവിവാഹിതരായ നാല് അമ്മമാര്‍ ഈ കോളനിയിലുണ്ട്. മൂന്നു സ്ത്രീകളടക്കം നാലുപേര്‍ മാനസിക രോഗികളാണ്. 24 വീടുകളിലായി നൂറോളം പേരാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ പേരിലുണ്ടായിരുന്ന സ്ഥലങ്ങള്‍ പലരും കൈയേറി. ഒരേക്കറിലധികമുണ്ടായിരുന്ന ശ്മശാനം 10 സെന്‍റില്‍ താഴെയായി ചുരുങ്ങി. ഇനിയും കൈയേറാതിരിക്കാന്‍ നിലവിലുള്ള സ്ഥലത്തിന്‍െറ നാലു മൂലയിലും നാലു മൃതദേഹങ്ങള്‍ മറവുചെയ്ത് അതിര്‍ത്തി സ്ഥാപിച്ചിരിക്കുകയാണ്. തട്ടാത്തി, കരിമ്പന്‍, ഒണ്ടന്‍ എന്നിവരുടെ പേരിലായിരുന്നു സ്ഥലമുണ്ടായിരുന്നത്. ഇവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ കോളനിയിലുള്ളത്. എത്ര സ്ഥലമുണ്ടായിരുന്നെന്നോ നിലവില്‍ എത്ര സ്ഥലമുണ്ടെന്നോ ആര്‍ക്കും അറിയാത്ത സ്ഥിതി മുതലാക്കിയിരിക്കുകയാണ് പലരും. തമിഴ്നാട് അതിര്‍ത്തിയായ താളൂരിനോട് ചേര്‍ന്നാണ് കോളനി സ്ഥിതിചെയ്യുന്നത്. പണിയെടുത്ത് കിട്ടുന്ന പണത്തില്‍ ഭൂരിഭാഗവും മദ്യം വാങ്ങുന്നതിനാണ് ചെലവഴിക്കുന്നത്. സൗജന്യ അരി ലഭിക്കുന്നതിനാല്‍ ഇതിനും പണം ചെലവഴിക്കേണ്ടതില്ല. ഞായറാഴ്ചകളിലും പണിയില്ലാത്ത ദിവസങ്ങളിലും രാവിലത്തെന്നെ ആളുകള്‍ മദ്യം വാങ്ങുന്നതിന് താളൂര്‍ എത്തും. രണ്ടു വര്‍ഷം മുമ്പ് ഇതേ കോളനിയിലെ സ്ത്രീ അമിത മദ്യപാനത്തത്തെുടര്‍ന്ന് റോഡരികില്‍ കിടന്ന് മരിച്ചു. യു.പി ക്ളാസ് എത്തുമ്പോഴേക്കും കുട്ടികള്‍ പഠനം ഉപേക്ഷിക്കുകയാണ്. പിന്നീട് കൂലിപ്പണിക്ക് പോകാറാണ് പതിവ്. കോളനി വാസികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. കുടിവെള്ളത്തിന് ഒരു കിണറാണ് ഏക ആശ്രയം. ഈ കിണറ്റില്‍നിന്ന് കുന്നു കയറി ഏറെ ദൂരം ചുമന്ന് വേണം വെള്ളം വീടുകളിലത്തെിക്കാന്‍. ഇവിടെയുള്ള പല വീടുകളും വാസയോഗ്യമല്ലാത്തവയാണ്. ആദിവാസി മേഖലയില്‍ കോടികള്‍ മുടക്കുമ്പോഴും പല കോളനികള്‍ക്കും ഇതിന്‍െറയൊന്നും ഒരു പ്രയോജനവും ലഭിക്കുന്നില്ല എന്നതിന് തെളിവാണ് പാമ്പള കോളനി. പ്രമോട്ടര്‍മാരും ഉദ്യോഗസ്ഥരുമെല്ലാം സന്ദര്‍ശിക്കാറുണ്ടെങ്കിലും ഇവരുടെ ജീവിതരീതിക്ക് മാറ്റംവരുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.