വയനാടന്‍ കാടുകള്‍ : നായാട്ടുസംഘങ്ങളുടെ വിഹാരകേന്ദ്രമായി മാറുന്നു

വൈത്തിരി: ജില്ലയില്‍ നായാട്ടുസംഘങ്ങള്‍ വ്യാപകമാവുമ്പോഴും പ്രതികള്‍ അടിക്കടി പിടിയിലായിട്ടും വന്യമൃഗവേട്ട തടയാനുള്ള അധികൃതരുടെ നടപടികള്‍ കാര്യക്ഷമമാകുന്നില്ല. ജില്ലയിലെ തോട്ടം മേഖലയോട് ചേര്‍ന്ന വനപ്രദേശങ്ങളിലും ഹൈറേഞ്ചിലും അതിര്‍ത്തി വനപ്രദേശങ്ങളിലുമാണ് നായാട്ടുസംഘങ്ങളുടെ പ്രധാന വിഹാരകേന്ദ്രം. വനംവകുപ്പിന്‍െറ പട്രോളിങ് നിര്‍ത്തിവെക്കുന്ന സാഹചര്യം മനസ്സിലാക്കിയാണ് ഇവര്‍ വേട്ടക്കത്തെുന്നത്. ഇത്തരത്തില്‍ വനത്തില്‍ പ്രവേശിക്കുന്ന നായാട്ടുസംഘങ്ങള്‍ വെടിവെച്ചും കമ്പികള്‍കൊണ്ട് കെണിയൊരുക്കിയും ചതിക്കുഴികള്‍ തീര്‍ത്തുമാണ് കാട്ടുമൃഗങ്ങളെ വ്യാപകമായി കൊന്നൊടുക്കുന്നത്. കാട്ടുപന്നി, മുയല്‍, കാട്ടുപോത്ത്, മാന്‍, കുരങ്ങ് തുടങ്ങിയ മൃഗങ്ങള്‍ക്ക് പുറമെ വംശനാശ ഭീഷണി നേരിടുന്ന മുള്ളന്‍പന്നി, മ്ളാവ്, കോഴമുള്ളന്‍, വെരുക്, പാമ്പ് തുടങ്ങിയവയെയും പിടികൂടുന്നുണ്ട്. പ്രധാനമായും ഇറച്ചിക്കും തോലിനുമാണ് ഇവയെ വ്യാപകമായി കൊന്നൊടുക്കുന്നത്. കാട്ടുപന്നി, മാന്‍ പോലുള്ള മൃഗങ്ങളെ കൃഷിയിടത്തോടുചേര്‍ന്നുള്ള ഭാഗങ്ങളില്‍നിന്നാണ് പിടികൂടുന്നത്. ബത്തേരി, പനമരം എന്നിവിടങ്ങളില്‍ രണ്ട് ആനകള്‍ നായാട്ടുസംഘങ്ങളുടെ തോക്കിന് ഇരയായിരുന്നു. സൗത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍െറ മേപ്പാടി, വൈത്തിരി വനമേഖലകളില്‍ വേട്ടനായ്ക്കളെ ഉപയോഗിച്ചുള്ള മൃഗവേട്ട പതിവാണ്. വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ ഇറച്ചി മലയോര പ്രദേശങ്ങളിലെ ചില റിസോര്‍ട്ടുകളില്‍ രഹസ്യമായി വില്‍ക്കുന്നതായും സൂചനയുണ്ട്. ഇടനിലക്കാര്‍ മുഖേന വന്‍തുകയാണ് ഇവര്‍ ഇറച്ചിക്കും മറ്റും ഈടാക്കുന്നത്. ഇവിടങ്ങളില്‍ പരിശോധനകള്‍ നടക്കാറില്ലാത്തതിനാല്‍ നായാട്ടുസംഘങ്ങളുടെ സുരക്ഷിത താവളമാവുകയാണ്. ഇത്തരം വേട്ടക്കായി എത്തുന്ന സംഘങ്ങള്‍ ദിവസങ്ങളോളം റിസോര്‍ട്ടുകളില്‍ തങ്ങിയാണ് മടങ്ങുന്നത്. ലക്ഷങ്ങള്‍ ഉപയോഗിച്ചുള്ള ശീട്ടുകളിയും ഇവിടങ്ങളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നതായി സൂചനയുണ്ട്. വന്യമൃഗങ്ങളില്‍നിന്ന് കൃഷി സംരക്ഷിക്കുന്നതിന് തോക്ക് ലൈസന്‍സ് സംഘടിപ്പിക്കുന്നവരില്‍ ചിലര്‍ നായാട്ടിനായി ഇത് ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. വിദേശനിര്‍മിത തോക്കുകള്‍ക്ക് പുറമെ നാടന്‍ തോക്കുകളും മേഖലയില്‍ സാധാരണയാണ്. അതിര്‍ത്തി കടന്ന് ജില്ലയിലത്തെുന്ന നായാട്ടുസംഘങ്ങളെ കുറിച്ച് അറിയിപ്പുകള്‍ ലഭിക്കുന്നുണ്ടെങ്കിലും സൗകര്യങ്ങളുടെയും അംഗബലത്തിന്‍െറയും കുറവുമൂലം പലപ്പോഴും നടപടി സ്വീകരിക്കാന്‍ വനംവകുപ്പിന് കഴിയുന്നില്ല. ജീവന്‍ പണയപ്പെടുത്തിയാണ് പലപ്പോഴും കൊടുംകാട്ടിലൂടെ വനംവകുപ്പ് ജീവനക്കാര്‍ തിരച്ചില്‍ നടത്തുന്നത്. നായാട്ടുസംഘങ്ങളെ കുറിച്ച് പലപ്പോഴും രാത്രിയാണ് വിവരങ്ങള്‍ ലഭിക്കുക. എന്നാല്‍, രാത്രി ഇവരെ തിരയാന്‍ വെറുംകൈയോടെ കാട്ടില്‍ പോകേണ്ട ഗതികേടും വനംവകുപ്പ് ജീവനക്കാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.